വാൽപ്പാറയിൽ വീട് തകര്‍ത്ത് കാട്ടാന ആക്രമണം; മൂന്ന് വയസുകാരിയും മുത്തശ്ശിയും മരിച്ചു

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് മരണം. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ പേരക്കുട്ടി ഹേമശ്രീ (3) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് കാട്ടാന ആക്രമണം ഉണ്ടായത്.

കോയമ്പത്തൂരിലെ വാൽപ്പാറ വാട്ടർഫാൾ എസ്റ്റേറ്റിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. അപ്പോഴാണ് ആനയെത്തി മുറിയുടെ ജനല്‍ തകര്‍ത്തത്. ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ അസ്‌ല പേരക്കുട്ടിയെ എടുത്ത് ഓടി രക്ഷപ്പെടാന്‍ വീടിന്‍റെ വാതില്‍ തുറന്നതോടെ ആനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു.

അസ്‌ലയെ ആന ചവിട്ടി തെറിപ്പിച്ചു. ഇതോടെ ഹേമശ്രീ നിലത്ത് വീഴുകയായിരുന്നു. നിലത്ത് വീണ കുട്ടിയെ ആന ചവിട്ടി. ഇതോടെ ഗുരുതര പരിക്കേറ്റ ഹേമശ്രീ തത്‌ക്ഷണം മരിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അസ്‌ലയെ നാട്ടുകാര്‍ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.