ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചാല്‍ യാത്രകള്‍ ലക്ഷ്യത്തിലെത്തും

അന്ന് അയാള്‍ക്ക് ധാരാളം സാധനങ്ങള്‍ വാങ്ങുവാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയില്‍വേ സ്റ്റേഷനിലെത്താന്‍ അയാള്‍ വൈകി.

ഓടിക്കിതച്ച് ട്രെയിനില്‍ കയറിയതും ടെയിന്‍ നീങ്ങിത്തുടങ്ങി. ക്ഷീണം കൊണ്ട് അയാള്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

കണ്ണ് തുറന്നപ്പോള്‍ എന്തോ ഒരു പന്തികേട്. ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ട്രെയിന്‍ മാറിപ്പോയി എന്ന് മനസ്സിലായി. അടുത്തസ്റ്റേഷന്‍ അന്വേഷിച്ചപ്പോല്‍ തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞു:

ഇത് നോണ്‍സ്‌റോപ്പ് ട്രെയിനാണ്. യാത്ര അവസാനിക്കുന്നത് നൂറ്റമ്പത് കിലോമീറ്റര്‍ അകലെയാണ്. താങ്കള്‍ പരിഭ്രമിക്കേണ്ടയാവശ്യമില്ല. ഇനിയുള്ള ഏകമാര്‍ഗ്ഗം ഈ യാത്ര ആസ്വദിക്കുക എന്നതാണ്.

വണ്ടിമാറിക്കയറിയതുകൊണ്ട് ആഗ്രഹിച്ച കാഴ്ചകള്‍ നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. ഓരോ ദിക്കിനും അതിന്റെതായ ലക്ഷണങ്ങളും പ്രത്യേകതകളുമുണ്ട്. അവ കാണണമെങ്കില്‍ അങ്ങോട്ട് തന്നെ യാത്ര ചെയ്യണം.

ഓരോ നാല്‍ക്കവലയിലെത്തുമ്പോഴും നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഇനിയെങ്ങോട്ട് പോകും എന്നിള്ളത്. എവിടെ എത്തിച്ചേരാനാണ് ആഗ്രഹം, ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ അവിടെയെത്താം, എന്തൊക്കെ പ്രതിസന്ധികള്‍ അവിടെ നമ്മെ കാത്തിരിക്കുന്നുണ്ട്, തിരിച്ചുവരവിനു സാധ്യതയുണ്ടോ എന്നുള്ള ചോദ്യങ്ങളെല്ലാം ശരിയായ തീരുമാനങ്ങളിലേക്കെത്താന്‍ നമ്മെ സഹായിക്കും.

ഏതവസ്ഥയിലും പക്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്ക് സാധിച്ചാല്‍ യാത്രകള്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.

– ശുഭദിനം