ഡൂപ്ലിക്കേറ്റ് പാസ്റ്റർമാരെ പോലീസും സമൂഹവും മാധ്യമങ്ങളും തിരിച്ചറിയണം

ഷാജി ആലുവിള

പെന്തക്കോസ്തുകാരും പാസ്റ്റർമാരും ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇനിയും വ്യാജന്മാർ യെമകാലന്മാരാകും. ഒരു ദേശത്ത് പാസ്റ്റർ എന്ന പേരിൽ ഒരുവൻ വന്നു തമ്പടിച്ചാൽ വിശ്വാസികളും പാസ്റ്റർമാരും അയാളെ നന്നായി പഠിക്കുകയും മനസിലാക്കുകയും വേണം. വ്യാജൻ ആണെങ്കിൽ നിയമത്തിന്റെ മുമ്പിൽ എത്തിക്കുകയും വേണം. ഇല്ലായെങ്കിൽ പല തട്ടിപ്പും നടത്തി നാടുവിട്ടാൽ അപമാനം പെന്തക്കോസ്‌തിനു തന്നെയാണ്.

കുട്ടപ്പൻ എന്ന ‘നമ്പൂതിരിയുടെ’ തട്ടിപ്പോടെ പാസ്റ്റർ എന്ന വാക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. പാസ്റ്റർ എന്ന വാക്കിന്റെ അർത്ഥം “ഇടയൻ” എന്നാണ്. ക്രൈസ്തവ സഭയുടെ നേതാവാണ് പാസ്റ്റർ. പൗരോഹിത്യ സഭകളിൽ ഇവരെ പുരോഹിതൻ അഥവാ അച്ഛൻ എന്നാണ് വിളിക്കുന്നത്. വളരെ ഉത്തരവാദിത്വവും കടമകളുമുള്ള പദവിയാണ് പാസ്റ്റർ എന്നത്. സഭയുമായി ബന്ധപ്പെട്ട എല്ലാ ആത്മീയ ശുശ്രൂഷകളും നിർവ്വഹിക്കുന്നത് പാസ്റ്റർ ആണ്.

പൗരോഹിത്യ സഭകളിലെ അച്ചൻമാരും ദീർഘകാലം ദൈവശാസ്ത്ര പഠനവും പരിശീലനവും നേടിയവരാണ്. പെന്തക്കോസ്തു സഭയിൽ ശുശ്രൂഷക്കായി പ്രവേശിക്കുന്ന ഒരാൾക്ക് സ്നാനം, വിവാഹം, ശവസംസ്‌കാരം എന്നീ കർമ്മങ്ങൾ ചെയ്യുവാൻ വർഷങ്ങൾ കാത്തിരിക്കണം. അതാണ് മുൻനിര പെന്തക്കോസ്തു സഭകളുടെ നിയമം. സുവിശേഷ വേലക്ക് വിളിയും സമർപ്പണവും പാസ്റ്റർമാരാകാൻ ആവശ്യമാണ്.

കേരളത്തിലെ പെന്തക്കോസ്ത് സഭകളുടെ ആരംഭ കാലത്ത് ഇന്നത്തെ പോലെ ദൈവശാസ്ത്ര പഠിതാക്കൾ അധികം ഇല്ലായിരുന്നു . അന്ന് ദൈവ നിയോഗവും അനുഭവവും ആയിരുന്നു ശുശ്രൂഷയ്ക്ക് ആധാരം.

ഇന്ന് ഒരു പാസ്റ്റർ ആകണമെങ്കിൽ ദൈവശാസ്ത്രപരമായ പഠനം ആവശ്യമാണ്. അസംബ്ലീസ് ഓഫ് ഗോഡ്, ഐ പി സി, ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, ഡബ്ളിയു എം ഈഎന്നീ സഭകൾ ഉൾപ്പടെ മറ്റനേക പെന്തക്കോസ്തു സഭകൾക്ക് തിയോളജിക്കൽ സെമിനാരികളും, ബൈബിൾ കോളേജുകളമുണ്ട്. അവിടെ പഠിച്ചിറങ്ങിയവരാണ് പാസ്റ്റർമാരാകുന്നത്.

എന്നാൽ മറ്റ് എപ്പിസ്‌കോപ്പൽ സഭകൾക്ക് ഉള്ളതുപോലെ ഒരു ഏക നേതാവ് പെന്തക്കോസ്തിനില്ല. എന്നാൽ ഓരോ പെന്തക്കോസ്ത് പ്രസ്ഥാനത്തിനും നേതൃത്വവും നേതാക്കളും ഉണ്ട്. എത്ര പെന്തക്കോസ്ത് സഭകൾ ഉണ്ട് എന്ന് പറയുവാൻ പോലും പറ്റാത്ത നിലയിലാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ട് യഥാർത്ഥ പെന്തക്കോസ്ത് സഭകളും പാസ്റ്ററർമാരും ഏതെന്നും പലർക്കും അറിയില്ല. അതുകൊണ്ട് ചില തട്ടിക്കൂട്ട് പ്രസ്ഥാനങ്ങൾ പലയിടങ്ങളിലും കൂണുപോലെ കിളിർത്തിട്ടുണ്ട്. പാസ്റ്റർ എന്ന പേരിൽ പല വ്യാജന്മാരും സമൂഹത്തിൽ പല തട്ടിപ്പും നടത്തുന്ന ഈ കാലത്ത് പെന്തക്കോസ്ത് സമൂഹത്തിന് വളരെ പേര് ദോഷം സംഭവിക്കുന്നു.

കുറച്ചു കാലം പെന്തക്കോസ്ത് ആരാധനയിൽ സംബന്ധിക്കുന്ന വിശ്വാസികളെ പോലും പാസ്റ്റർ എന്നാണ് പലരും വിളിക്കുന്നത്. ആർക്കും അറിയാത്ത ഒരാൾ എവിടെയെങ്കിലും ഒരു വീട് വാടകക്കെടുത്തു ഒരു സഭയുടെ ബോർഡും വെച്ച്‌ പാസ്റ്റർ എന്ന പേരിൽ താമസിച്ച് നാട്ടുകാരിൽ നിന്നും പണവും സ്വർണ്ണവും വാങ്ങി അവിടെ നിന്നും കടന്നു കളഞ്ഞാൽ അയാളെ വിളിക്കുന്നതും പാസ്റ്റർ എന്നാണ്. ഇങ്ങനെ സംഭവിച്ചു കഴിയുമ്പോൾ പേരിന്റെ കൂടെ പാസ്റ്റർ എന്ന് ഉള്ളതിനാൽ മാധ്യമങ്ങൾ ഒന്നും നോക്കാതെ വാർത്തയും ചമക്കും. സഭയില്ലാത്ത വിശ്വാസികൾ ഇല്ലാത്ത ഒരാൾ എങ്ങനെ പാസ്റ്റർ ആകും? അയാളെ വ്യാജപാസ്റ്റർ എന്ന് മാധ്യങ്ങൾ വിളിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണിതൊക്കെ.

വർഷങ്ങൾക്ക് മുമ്പ് മലങ്കര ക്രിസ്ത്യൻ ചർച്ചിലെ ഒരു ശുശ്രൂഷകനായ സാജു അച്ചനാണെന്നും പറഞ്ഞ് ഒരു വ്യാജൻ കൂത്താട്ടുകുളത്തും മറ്റു ചില സ്ഥലങ്ങളിലും തട്ടിപ്പ് നടത്തുകയും അയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

പാസ്റ്റർ ഒരു ആത്മീയ മേൽവിചാരകനാണ്. സഭാ ജനത്തോടും സമൂഹത്തോടും സേവന മനോഭാവം ഉള്ള ആളാണ് . ആത്മീയ സന്ദേശം പ്രസംഗിച്ചും പഠിപ്പിച്ചും വിശ്വാസികളെ പരിപാലിക്കുന്നു.