വാഷിംഗ്ടണ്‍ ഡിസി: ചൈനയ്ക്ക് 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടാതെ ഷി ജിൻ പിംഗുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതോടെ അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെച്ചൊല്ലി ബീജിംഗുമായുള്ള വ്യാപാര യുദ്ധം വീണ്ടും ആളിക്കത്തി.
ബീജിംഗിന്റെ അസാധാരണമായ നീക്കങ്ങള്‍ക്ക് പ്രതികാരമായി ഏതെങ്കിലും നിർണായക സോഫ്റ്റ്വെയറില് യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ നവംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ആളിക്കത്തിയതോടെ ഓഹരി വിപണികള്‍ ഇടിഞ്ഞു. നാസ്ഡാക്ക് 3.6 ശതമാനവും എസ് ആൻഡ് പി 500 2.7 ശതമാനവും ഇടിഞ്ഞു.
അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ക്ക് ചൈന കത്തുകള്‍ അയച്ചിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ നെറ്റ്വർക്കില് പറഞ്ഞിരുന്നു. സ്മാർട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ സൈനിക ഹാർഡ്വെയർ, പുനരുപയോഗ ഊർജ സാങ്കേതികവിദ്യ എന്നിവ വരെയുള്ള എല്ലാത്തിന്റെയും നിർമാണത്തിന് അപൂർവ ധാതുക്കളുടെ ഘടകങ്ങള്‍ നിർണായകമാണ്. ഈ വസ്തുക്കളുടെ ആഗോള ഉത്പാദനത്തിലും സംസ്കരണത്തിലും ചൈന ആധിപത്യം പുലർത്തുന്നു.