കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്വയം പ്രഖ്യാപിത പാസ്റ്റർ ടി.പി. ഹരിപ്രസാദിനെ മണർകാട് പൊലിസ് അറസ്റ്റ് ചെയ്തു.
2023 മുതല്‍ മുളങ്കുഴയില്‍ പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ (PMI) എന്ന സ്ഥാപനം നടത്തുന്ന ഇയാള്‍, ചാരിറ്റി പ്രവർത്തനങ്ങളുടെ മറവില്‍ വിവിധ ആളുകളില്‍ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായാണ് ആരോപണം. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി കഴിഞ്ഞ എട്ട് മാസമായി തമിഴ്നാട്, ബാംഗ്ലൂർ, കേരളത്തിലെ വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ലാറ്റില്‍ നിന്ന് വ്യാഴാഴ്ച രാവിലെ പൊലിസ് പിടികൂടി.
മുളങ്കുഴയിലെ പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് പേര് കേള്‍ക്കുന്നവരെ പ്രലോഭിപ്പിച്ചാണ് ഹരിപ്രസാദ് പണവും സ്വർണം വാങ്ങിയിരുന്നത്. ‘പാസ്റ്റർ നമ്പൂതിരി’ എന്നറിയപ്പെടുന്ന ഇയാള്‍, ദാനധർമ്മങ്ങളുടെ പേര് പറഞ്ഞ് ലക്ഷക്കണക്കിന് രൂപയും സ്വർണ ഉരുപ്പടികളും സമാഹരിച്ചു. മണർകാട് സ്വദേശിനിയായ പരാതിക്കാരിയില്‍ നിന്ന് മാത്രം 45 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിനാണ് പ്രധാന കേസ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നിർദേശപ്രകാരം മണർകാട് എസ്‌എച്ച്‌ഒ അനില്‍ ജോർജ്, എസ്‌ഐ ജസ്റ്റിൻ എസ് മണ്ഡപം, എഎസ്‌ഐമാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണൻ കെ.എൻ, രഞ്ജിത്ത് എസ് എന്നിവർ ചേർന്ന പൊലിസ് സംഘമാണ് അറസ്റ്റ് നടത്തിയത്.
കുറുമ്പനാടം സ്വദേശിനിയായ യുവതിയുമായി ഹരിപ്രസാദ് കഴിഞ്ഞ എട്ട് മാസമായി തമിഴ്നാട്, ബെംഗളൂരു, കേരളത്തിലെ വിവിധ ജില്ലകളില്‍ മാറിമാറി താമസിച്ചിരുന്നു. സ്ഥിരമായ സ്ഥലത്ത് തങ്ങാതെ വാടക വീടുകളിലും ഫ്ലാറ്റുകളിലും ഒളിച്ചുകഴിഞ്ഞത് പൊലിസിനെ ബുദ്ധിമുട്ടിച്ചു. കപ്പലണ്ടി മുക്കിലെ ഫ്ലാറ്റിലെത്തി രാവിലെ 6 മണിക്ക് ഇയാളെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി, വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡി തേടും
ഹരിപ്രസാദിനെതിരെ കോട്ടയം ജില്ലയിലെ പല പൊലിസ് സ്റ്റേഷനുകളിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. കുമരകം പൊലിസ് സ്റ്റേഷനില്‍ സമാന തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിങ്ങവനം, ഗാന്ധിനഗർ സ്റ്റേഷനുകളിലും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ട്. സ്ഥിരസ്ഥലമില്ലാത്ത ഒളിവ് ജീവിതം കാരണം പിടികൂടല്‍ ശ്രമകരമായിരുന്നു. എല്ലാ കേസുകളിലും അന്വേഷണം തുടരും.
വിശ്വാസികളുമൊന്നുമില്ലാതെ തട്ടിപ്പിനായി സ്വയം തട്ടിക്കൂട്ടിയ പ്രസ്ഥാനമായിരുന്നു ‘ പെന്തക്കോസ്തു മിഷൻ ഓഫ് ഇന്ത്യ ‘എന്ന വ്യാജ സംഘടന.




