ന്യൂയോർക്ക്: ഗാസ സമാധാനത്തിലേക്കെന്ന് സൂചന നല്‍കി അമേരിക്കൻ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക നിർദേശിച്ച ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
”നമ്മുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും ഒപ്പുവച്ചതായി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്.”- ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു. ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്- ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ അറിയിച്ചു.
നേരത്തെ ഈജിപ്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ രണ്ട് പ്രധാനവിഷയങ്ങളാണ് ചർച്ചയായതെന്ന് ട്രംപ് വിശദീകരിച്ചു. ഗാസയില്‍ നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ പിന്മാറ്റവും ബന്ദികളുടെ മോചനവുമാണ്് ചർച്ചയായത്. ഈ രണ്ട് കാര്യങ്ങളിലും തീരുമാനമായെന്ന് ട്രംപ് വ്യക്തമാക്കി.
‘ഇത് അറബ്, മുസ്ലീം ലോകത്തിനും, ഇസ്രായേലിനും, ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങള്‍ക്കും, അമേരിക്കൻ ഐക്യനാടുകള്‍ക്കും ഒരു മഹത്തായ ദിവസമാണ്, ഈ ചരിത്രപരവും അഭൂതപൂർവവുമായ സംഭവം സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥർക്ക് ഞങ്ങള്‍ നന്ദി പറയുന്നു’..- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതി മുൻനിർത്തി കെയ്റോയില്‍ നടന്ന ചർച്ചയിലാണ് ഗാസയില്‍ സമാധാനത്തിനുള്ള വഴികള്‍ തുറന്നത്. മുതിർന്ന വിദേശ രാഷ്ട്രീയ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ കെയ്റോയിലും ഈജിപ്ഷ്യൻ ചെങ്കടല്‍ റിസോർട്ട് പട്ടണമായ ഷാം എല്‍-ഷെയ്ക്കിലുമായി നടന്ന ചർച്ചകളില്‍ പങ്കെടുത്തിരുന്നു. കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയാല്‍, ഇസ്രയേല്‍ മന്ത്രിസഭയില്‍ വോട്ടിനിട്ട് അംഗീകാരം നേടാൻ തീരുമാനമായിട്ടുണ്ട്. ഇസ്രയേലിന്മേലുള്ള അന്താരാഷ്ട്ര സമ്മർദം ഈ നിർണായക നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍.
നേരത്തെ, വെടിനിർത്തലിലേക്ക് പോകാതെ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക സാധ്യമല്ലെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിരുന്നു. ജീവനോടെയുള്ള ഏകദേശം 20 ബന്ദികളാണ് ഉള്ളതെന്നാണ് സൂചന. ഇവരെ ആദ്യഘട്ടത്തില്‍ കൈമാറുമെന്നും, തൊട്ടുപിന്നാലെ ഇസ്രയേല്‍ താത്കാലിക വെടിനിർത്തല്‍ പ്രഖ്യാപിക്കുമെന്നുമാണ് ധാരണ.
വെടിനിർത്തലിന് ശേഷം, ആവശ്യമായ ഏകോപനത്തിലൂടെ മൃതദേഹങ്ങള്‍ ശേഖരിച്ച് കൈമാറാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഹമാസ് വ്യക്തമാക്കുന്നു. വെടിനിർത്തല്‍ കരാർ യാഥാർഥ്യമായതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ജീവനോടെയുള്ള 20 ബന്ദികളെയും 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം.
ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സർക്കാരിനെ വിളിച്ച് ചേർക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേല്‍ സേനയ്ക്കും അമേരിക്കൻ പ്രസിഡന്റിനും നന്ദി പറയുന്നു’, നെതന്യാഹു പറഞ്ഞു.




