ചുമ സിറപ്പ് മരണം 20 ആയി, 5 കുട്ടികളുടെ നില ഗുരുതരം; കോള്‍ഡ്രിഫ് നിര്‍മ്മാതാക്കളെ അറസ്റ്റ് ചെയ്യും

ചുമ സിറപ്പ് മരണം, മധ്യപ്രദേശ് സർക്കാർ കടുത്ത നടപടിയിലേക്ക്. കോള്‍ഡ്രിഫ് കഫ് സിറപ്പ് നിർമ്മാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും.

പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ എത്തി എന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. കാഞ്ചിപുരത്തെ കോള്‍ ഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കല്‍സ് ഉടമകള്‍ക്കെതിരെയാണ് നടപടി.കമ്ബനി ഉടമയെ പിടികൂടാൻ ചിന്ദ്‌വാരയില്‍ നിന്നുള്ള ഒരു പൊലീസ് സംഘം ഇതിനകം കാഞ്ചീപുരത്തേക്ക് പോയിട്ടുണ്ട്. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്ന് ശുക്ല പറഞ്ഞു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ ഡ്രഗ് കണ്‍ട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച്‌ ചിന്ദ്വാരയില്‍ നിന്നുള്ള ഡോക്ടർ പ്രവീണ്‍ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്ബനി നിർമ്മിക്കുന്ന കോള്‍ഡ്രിഫ് എന്ന ബ്രാൻഡഡ് ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികള്‍ രോഗബാധിതരായത്.

മധ്യപ്രദേശില്‍ ഡോക്ടറെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഡോക്ടർമാർ പണിമുടക്കരുതെന്ന് മധ്യപ്രദേശ് ഉപ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാലു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോള്‍ഡ് സിറപ്പ് നല്‍കരുതെന്ന സർക്കാർ നിർദ്ദേശം ഡോക്ടർമാർ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശില്‍ വിഷാംശം കൂടിയ കോള്‍ഡ്രിഫ് ചുമ സിറപ്പ് കഴിച്ച്‌ 20 കുട്ടികള്‍ മരിച്ചു, അഞ്ച് കുട്ടികളുടെ നില ഗുരുതരമാണ്, രണ്ടുപേരെ നാഗ്പൂരിലെ എയിംസിലും രണ്ടുപേരെ സർക്കാർ ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

20 മരണങ്ങളും മധ്യപ്രദേശിലാണ് സംഭവിച്ചത്, കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രി സന്ദർശിച്ച ശേഷം ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കഫ് സിറപ്പ് മൂലമുള്ള കുട്ടികളുടെ മരണത്തിന്റെ ഏറ്റവും പുതിയ സംഭവം മാത്രമാണിത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന ശേഷിക്കുന്ന അഞ്ച് പേരെ രക്ഷിക്കാൻ ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.