കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

യുഎസിലെ കാലിഫോര്‍ണയില്‍ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം. കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയിലാണ് മെഡിക്കല്‍ ഹെലിക്കോപ്റ്റർ തകർന്നു വീണത്.

അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സാക്രമെന്‍റോയിലെ 59-ാം സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 50-ല്‍ തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു മെഡിക്കല്‍ ഹെലികോപ്റ്റർ തകർന്ന് വീണത്. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരും ഹെലികോപ്റ്ററിനുള്ളില്‍ ഉള്ളവരായിരുന്നു എന്ന് അംഗിരക്ഷാസേന അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹെലികോപ്പ്റ്ററില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി സാക്രമെന്‍റോ അഗ്നിശമന ഉദ്യോഗസ്ഥനായ ജസ്റ്റിൻ സില്‍വിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹെലികോപ്റ്ററിനടിയില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെലികോപ്റ്ററിന്‍റെ ക്യാപ്റ്റന്‍ ഉടൻ തന്നെ ചുറ്റും നിന്നിരുന്ന ആളുകളോട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് എല്ലാവരും കൂടി ഹെലികോപ്റ്ററിന്‍റെ ഒരു ഭാഗം ഉയർത്തി ആളുകളെ പുറത്തെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എയർ മെഡിക്കല്‍ സർവീസസില്‍ രജിസ്റ്റർ ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വിമാനത്തില്‍ രോഗികളായി ആരും ഉണ്ടായിരുന്നില്ലെന്നും ഒരു പൈലറ്റും നഴ്‌സും പാരാമെഡിക്കുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നും ജസ്റ്റിൻ സില്‍വിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അപകടത്തിന് പിന്നാലെ ഹെലികോപ്റ്റർ തകർന്ന് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലികോപ്റ്ററാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നതെങ്കില്‍ പിന്നീട് റോഡില്‍ നിന്നും വലിയ രീതിയിലുള്ള പുക ഉയരുന്നതായാണ് കാണാനാകുന്നത്. മറ്റൊരു വീഡിയോയില്‍ തീ അണച്ചതിന് ശേഷം ഹെലിക്കോപ്റ്റർ റോ‍ഡില്‍ തകർന്നു കിടക്കുന്നത് കാണാം. ഇതിനടുത്ത് അഗ്നിരക്ഷാസേന നില്‍ക്കുന്നതായും കാണാം. അപകടത്തെത്തുടർന് ഹൈവേയില്‍ലൂടെയുള്ള യാത്ര തടസപ്പെട്ടതിനെത്തുടർന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.