ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീസ് സ്വദേശിക്ക് വര്‍ക്കലയില്‍ മര്‍ദനം

തിരുവനന്തപുരം: വർക്കലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന് ക്രൂരമർദനം. ഗ്രീസ് സ്വദേശി റോബർട്ടിനാണ് മർദനമേറ്റത്.

ബീച്ചില്‍ വാട്ടർസ്പോട്ട് നടത്തുന്ന സംഘമാണ് ഇയാളെ മർദിച്ചത്. കഴിഞ്ഞ ദിവസം റോബർട്ടിന്റെ ഫോണ്‍ ബീച്ചില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഫോണ്‍ അന്വേഷിച്ച്‌ ബീച്ചിലെത്തിയ റോബർട്ട് പിന്നീട് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഈ സമയം വർക്കലയിലെ വാട്ടർ സ്പോട്ട് നടത്തിപ്പുകാരായ തൊഴിലാളികള്‍ റോബർട്ടിനെ കടലില്‍ ഇറങ്ങാൻ അനുവദിച്ചില്ല.ഇതേ തുടർന്ന് റോബർട്ടും തൊഴിലാളികളും തമ്മില്‍ വാക്കു തർക്കമുണ്ടാകുകയും വഴക്കിനൊടുവില്‍ തൊഴിലാളികള്‍ വിദേശിയെ മർദിക്കുകയും നിലത്തിട്ട് വലിച്ചിഴച്ച്‌ പാപനാശം പൊലീസ് എയ്‌‌ഡ് പോസ്റ്റിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച്‌ വീണ്ടും ഇയാളെ തൊഴിലാളികള്‍ മ‌ർദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

പിന്നീട് നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് സംഘം മർദനത്തില്‍ നിന്ന് പിൻമാറിയത്.ഈ സമയത്ത് എയ്ഡ് പോസ്റ്റില്‍ പൊലീസുകാർ ഉണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാർ ടൂറിസം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ടൂറിസം പൊലീസെത്തി വിനോദസഞ്ചാരിയെ വർക്കല താലൂക്ക് ആശുപത്രിയില്‍ മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.