ഉപരോധമുള്ള റഷ്യൻ എണ്ണ അനധികൃതമായി കടത്തിയെന്ന് ആരോപിച്ച് റഷ്യയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഫ്രാൻസ്. ഫ്രഞ്ച് തുറമുഖ നഗരമായ സെന്റ് നസേയറിനു സമീപത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.
കപ്പലിന്റെ ക്യാപ്റ്റൻ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യൂറോപ്യൻ യൂണിയന്റെ കരിമ്ബട്ടികയിലുള്ള റഷ്യയുടെ ബൊറാകേയ് എന്ന എണ്ണക്കപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. കപ്പല്‍ പിടിച്ചെടുത്തത് സ്ഥിരീകരിച്ച ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലകോർനു, നാവികസേനയെ അഭിനന്ദിച്ച് ട്വീറ്റും ചെയ്തു.
റഷ്യയുടെ എണ്ണ വില്‍പന വരുമാനത്തിന് തടയിടാനുള്ള യൂറോപ്പിന്റെ നടപടികളുടെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും പറഞ്ഞു. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് ഫണ്ട് ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യം. യൂറോപ്യൻ രാജ്യങ്ങളില്‍ വ്യോമപരിധി ലംഘിച്ച് ഡ്രോണുകള്‍ അയക്കുന്ന റഷ്യയുടെ നടപടിക്ക് ഈ കപ്പലുമായി ബന്ധമുണ്ടെന്നും മക്രോ ആരോപിച്ചു.
റഷ്യയെ സമ്മർദത്തിലാക്കുകയും വെടിനിർത്തല്‍ ചർച്ചയ്ക്ക് നിർബന്ധിതരാക്കുകയുമാണ് ലക്ഷ്യമെന്നും മക്രോ പറഞ്ഞു. റഷ്യയുടെ കപ്പലുകളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഫ്രാൻസിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രസിഡന്റ് പുട്ടിൻ രംഗത്തെത്തി. എണ്ണക്കപ്പല്‍ രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുകയോ ആയുധങ്ങള്‍ കടത്തുകയോ ചെയ്തിട്ടില്ലെന്നും ഫ്രാൻസിന്റെ നടപടി കടല്‍ക്കൊള്ളയാണെന്നും പുട്ടിൻ പറഞ്ഞു.
രാജ്യാന്തര കപ്പല്‍പാതയില്‍ വച്ചാണ് ഫ്രഞ്ച് നാവികസേന കപ്പല്‍ പിടിച്ചെടുത്തത്. അത് അംഗീകരിക്കാനാവില്ല. യൂറോപ്പില്‍ റഷ്യയ്ക്കെതിരെ സൈനികനീക്കങ്ങള്‍ നടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കടുത്ത പ്രത്യാഘാതം തന്നെ നേരിടേണ്ടിവരുമെന്നും പുട്ടിൻ മുന്നറിയിപ്പ് നല്‍കി. അതേസമയം കപ്പല്‍ ഫ്രാൻസ് വിട്ടയച്ചെന്നും ക്യാപ്റ്റനെ മോചിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കപ്പല്‍ നിലവില്‍ സൂയസ് കനാല്‍ ഭാഗത്തേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.



