പാക് ഭരണകൂടത്തിനെതിരെ പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം: ഇന്റർനെറ്റ് വിച്ഛേദിച്ച് ഷെഹ്ബാസ് ഷെരീഫ് സർക്കാർ

മുസാഫറാബാദ്: പാക് ഭരണകൂടത്തിന് തലവേദനയൊരുക്കി പാക് അധീന കശ്മീരില്‍ പ്രതിഷേധം പുകയുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിന് പാക് അധീന കശ്മീര്‍ (പിഒകെ) ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മേഖലയിലുടനീളം വ്യാപകമായ പ്രകടനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.

അനിശ്ചിതകാലത്തേക്ക് നീണ്ടേക്കാവുന്ന ‘ഷട്ടര്‍-ഡൗണ്‍, വീല്‍-ജാം’ പണിമുടക്കിനുള്ള ആഹ്വാനം നേരത്തെ തന്നെ എഎസിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ പാക് സര്‍ക്കാര്‍ വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും അര്‍ദ്ധരാത്രി മുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. പിഒകെ ഭരണകൂടവും കേന്ദ്രമന്ത്രിമാരുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കാന്‍ എഎസി തീരുമാനിച്ചത്.

വളരെ കുറച്ചുനാളുകള്‍ കൊണ്ടാണ് പാക് അധീന കശ്മീരില്‍ അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ കുറെയേറെ സംഘടനകള്‍ ഒന്നിച്ച് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണവും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളെ തങ്ങളുടെ കീഴില്‍ ഇവര്‍ അണിനിരത്തിയിട്ടുണ്ട്.

പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പിഒകെ അസംബ്ലിയില്‍ സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പാക് അധീന കശ്മീരില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വേണമെന്നുമുള്‍പ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.