മനുഷ്യജീവിതത്തിൽ പരിശോധനകളും സമ്മർദ്ദങ്ങളും നിരാശകളും ചുഴലിക്കാറ്റ് പോലെ ആഞ്ഞടിക്കാറുണ്ട്. അതിൻ്റെ നടുവിൽ ഒരു ഭക്തൻ ദൈവത്തിൻ്റെ വചനവും, ദൈവത്തിൻ്റെ വഴികളും തിരിച്ചറിയുക എന്നുള്ളത് വളരെ പ്രധാനമാണ്. പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ പലതിനും മറുപടി കണ്ടെത്തുവാൻ കഴിയത്തില്ല. നാം വന്നെത്തിയിരിക്കുന്ന ഈ കാലഘട്ടം പ്രാർത്ഥന ഒരു ചടങ്ങായും, ഉപവാസം ഒരു അലങ്കാരമായും മാറിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു?
ചിലർക്ക് പ്രാർത്ഥന ഒരു തൊഴിലും, ഉപവാസം ഒരു പ്രോഗ്രാമും ആയി മാറിപ്പോയി. തിരുവചനത്തിന്റെ താളുകളിൽ ധാരാളം ഉപവാസങ്ങൾ കാണുവാൻ കഴിയും. അതിൽ ചിലത് ദൈവഹിത പ്രകാരം ആയിരുന്നില്ല. കേവലം പ്രസിദ്ധിക്കും, പിടിച്ചുപറിക്കും, തട്ടിയെടുക്കാനും, തൂത്തു കൂട്ടുവാനും ഉള്ള തന്ത്രങ്ങൾ ആയിരുന്നു. ഇവിടെ ഇതാ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തുകയാണ് വിളംബരം ചെയ്യപ്പെടുകയാണ്. ദേശം എല്ലാം അറിയുന്നു, പ്രധാന സ്ഥലം ഒരുങ്ങുന്നു, പ്രധാന കസേര, ഒരുങ്ങുന്നു ( ഒന്ന് രാജാക്കന്മാർ
21 :12 ) . ഇതിൻ്റെ പേര് ഇസബേൽ ഉപവാസം .
ഇതിൻ്റ പിന്നിലുള്ള ആഗ്രഹം എന്താണ്? മറ്റൊന്നുമല്ല, വയലോട് വയൽ കൂട്ടണം, വീടോടുകൂടി വീട് ചേർത്ത് പണിയണം.
ചിലരുടെ പേരുകൾ ജീവൻ്റെ പുസ്തകത്തിൽ എഴുതപ്പെടണം എന്നുള്ള ആഗ്രഹമല്ല പ്രമാണത്തെ പ്രാണന് തുല്യം സ്നേഹിച്ചുകൊണ്ട് മാറോടു ചേർത്തുപിടിക്കുന്ന ഒരു ഭക്തനെ എങ്ങനെയെങ്കിലും അവൻ്റെ പദവിയിൽ നിന്ന് തള്ളിയിടണം, അവന്റെ അവകാശത്തെ പറിച്ചു മാറ്റണം. ഇസബേൽ ഉപവാസം പ്രശസ്തിക്കും , പ്രസിദ്ധിക്കും വേണ്ടി ദുർമനസാക്ഷിയിൽ ദുരാഗ്രഹത്തോട് കൂടി പണിതുയർത്തിയ ബാബിലോണാണത്രേ.
എന്നാൽ തിരുവചനത്തിൽ എങ്ങും പ്രസിദ്ധപ്പെടുത്താതെ, എങ്ങും പ്രത്യേകം ഇരിപ്പടം ഒരുക്കാതെ പട്ടണത്തിന്റെ നടുവിൽ അല്ല, മരുഭൂമിയുടെ മണൽക്കാടുകളിൽ ഒരു ഈശോ ഉപവാസം തിരുവചനത്തിന്റെ താളുകളിൽ നമുക്ക് ദർശിക്കുവാൻ കഴിയും. ഇരിപ്പിടമില്ല, വലിയ കസേരയിൽ ഉപവാസം നിയന്ത്രിക്കാൻ ആരുമില്ല, ചുറ്റും ഏകാന്തത, പരുക്കൻ കാലാവസ്ഥ, പരിശുദ്ധാത്മാവ് നിയന്ത്രണം ഏറ്റെടുക്കുന്നു . പിതാവിൻ്റെ കാലൊച്ച പുത്രൻ കേൾക്കുന്നു. കാദേശ് മരുഭൂമിയിൽ മുഴങ്ങിയ ദൈവശബ്ദം ഈ മരുഭൂമിയിലും മുഴങ്ങുകയാണ്.
ഇസബേൽ ഉപവാസം സ്വാർത്ഥതയിൽ നിന്നും ജഡത്തിൽ നിന്നും പുറത്തുവന്നപ്പോൾ ഈശോ ഉപവാസം തന്നെത്താൻ താഴ്ത്തി, പശുശാലയിൽ ജനിച്ചവൻ, പരിശുദ്ധാത്മാവിന് വിധേയപ്പെടുകയാണ് . ഈ ഉപവാസം തട്ടിയെടുക്കുവാനും, പോക്കറ്റുകൾ നിറയ്ക്കുവാനും അല്ല, പ്രത്യുത വരണ്ട സ്ഥലത്ത് ഒരു നീരുറവായി മാറുവാൻ തന്നെത്താൻ ഏൽപ്പിക്കുകയാണ്. ജീവിതത്തിൽ നാം ഉപവസിക്കുന്നത് എന്തിനാണ് എന്നുള്ള ഒരു ചിന്ത നമ്മെ ഭരിക്കുന്നത് എപ്പോഴും നന്നായിരിക്കും.
പ്രസിദ്ധനാകുവാൻ ആണോ, ? വാരി ക്കൂട്ടുവാൻ ആണോ? അലമാരികൾ നിറയ്ക്കുവാനാണ് എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു?
അതോ പുത്രന്റെ ഇഷ്ടം നമ്മുടെ ജീവിതത്തിൽ നിറവേറ്റുവാൻ വേണ്ടിയാണോ ഉപവസിക്കുകയും ദൈവസന്നിധിയിൽ ഏൽപ്പിക്കുകയും ചെയ്യുന്നത്?
ഇഷ്ട താരങ്ങളെ അണിനിരത്തി സിനിമാലോകം ഒരു താരനിര സൃഷ്ടിക്കുന്നതുപോലെ ഉപവാസം പ്രസിദ്ധം ചെയ്ത് വമ്പിച്ച ഒരു സംഘാടക നിരയും, പ്രസംഗനിരയും, പ്രസിദ്ധം ചെയ്താൽ ദൈവം പ്രസാദിക്കുമോ ? പരിശുദ്ധാത്മാവ് പ്രവർത്തിക്കുമോ ? പോക്കറ്റുകൾ നിറയുമായിരിക്കും, എന്നാൽ ഹൃദയം ശൂന്യമായി കൊണ്ടിരിക്കും. പറയിപ്പിക്കുന്ന ദൂതുകൾ അവസാനിക്കട്ടെ. മാനസാന്തരത്തിലേക്കും, അനുതാപത്തിലേക്കും ജീവിതങ്ങളെ നടത്തുന്ന ഉപവാസങ്ങൾ പുറത്തു വരട്ടെ. ആടുമാടുകൾ വർദ്ധിക്കുന്നതിന് വേണ്ടിയും, ആഴമുള്ള പോക്കറ്റുകൾ നിറയുന്നതിന് വേണ്ടിയും ഉള്ള ഉപവാസം ഇസബേൽ ഉപവാസമത്രേ. ആത്മീക മുതലാളിത്തം അടിച്ചേൽപ്പിക്കുവാൻ അല്ല, ജനത്തെ വിരട്ടുവാനുമല്ല ഉപവാസം എന്നാൽ യേശുവിനെ ഒന്നുകൂടെ അറിയുവാനും, ആ നെഞ്ചോട് ചേർന്നിരിക്കുവാനുമുള മുഖാന്തരമാണ് ഈശോ ഉപവാസം .
മുതല കണ്ണീരും, കുമ്പസാരവും, പ്രധാന കസേരകളും ഇസബേൽ ഉപവാസത്തിന്റെ തൂണുകളായി മാറിക്കൊണ്ടിരിക്കുമ്പോൾ ഒരു നിർവ്യാജമനസ്സോടെ, നിഷ്കളങ്ക ഹൃദയത്തോടെ സുവിശേഷത്തിന്റെ സത്യങ്ങൾക്ക് ചുമൽ കൊടുക്കുന്ന ജീവിതങ്ങൾ പുറത്തു വരട്ടെ. പാപത്തിന്റെ ഇരുട്ടും, അന്ധകാരവും നിറഞ്ഞ ഈ ലോകത്തിൽ ഈശോ ഉപവാസം ഒരു പ്രകാശ ഗോപുരമായി മാറട്ടെ .

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്