യുഎഇ പ്രധാനമന്ത്രിയുടെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു

യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്‍റെ മകള്‍ ഷെയ്ഖ മഹ്‌റ ബിൻത് സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു.

ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അല്‍ മക്തൂമില്‍നിന്നു വിവാഹമോചനം നേടിയെന്നായിരുന്നു പ്രഖ്യാപനം. രണ്ടു മാസം മുൻപ് ഷെയ്ഖ മഹ്‌റ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

“പ്രിയ ഭർത്താവേ, നിങ്ങള്‍ മറ്റ് ആളുകളുമായി തിരക്കിലായിരിക്കണം. അതിനിടയില്‍, ഞാൻ നമ്മളുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാൻ താങ്കളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ താങ്കളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ താങ്കളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധപുലർത്തുക. എന്ന് നിങ്ങളുടെ മുൻ ഭാര്യ – എന്നാണു പ്രധാനമന്ത്രിയുടെ മകളുടെ പോസ്റ്റിലുള്ളത്.

കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം താൻ ഗർഭിണിയായ വിവരം ഷെയ്ഖ മഹ്‌റ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചശേഷം മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മകള്‍ക്ക് ഹിന്ദ് എന്ന് പേരിട്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു.