വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്റ്റേ; വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ വകുപ്പുകളാണ് സ്റ്റേ ചെയ്തത്. അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമേ സ്റ്റേ നല്‍കാറുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി അറിയിച്ചു. അഞ്ചുവര്‍ഷം ഇസ്ലാം മതം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകൂവെന്ന നിയമത്തിലെ വ്യവസ്ഥയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

അന്വേഷണം നടക്കുമ്ബോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തിട്ടുണ്ട്. ബോര്‍ഡുകളില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്റെ ഭരണഘടനാ സാദ്ധ്യത ചോദ്യം ചെയ്തുള്ള ഹർജികളില്‍ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്.

നിയമം ഭരണഘടനാ ലംഘനമാണെന്നും വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുളള നീക്കമാണെന്നും ബോർഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അഞ്ചുവർഷം മുസ്ലീം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ദീർഘകാല ഉപയോഗം കൊണ്ട് വഖഫായ സ്വത്തുക്കള്‍ക്ക് സാധുതയുണ്ടെന്നും എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിർബന്ധമാക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. അന്വേഷണം തുടങ്ങിയാലുടൻ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു വാദം.

എന്നാല്‍ വഖഫ് നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതാടിസ്ഥാനത്തിലല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്രം വാദിച്ചിരുന്നത്.

ദീർഘകാലമായി ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ വഖഫായി മാറ്റുന്ന പ്രവണത പുതിയ നിയമഭേദഗതിയില്‍ അസാധുവാക്കിയിരുന്നു. അത് സുപ്രീംകോടതി ശരിവച്ചു.

കൈയേറ്റങ്ങളും ദുരുപയോഗവും തടയാൻ ഇത് ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു.

എല്ലാ വഖഫും രജിസ്റ്റർ ചെയ്യണമെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥയും ശരിവച്ചു.

മുസ്ലിം ഇതര സമുദായത്തിലുള്ളവരെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ആയി നിയമിക്കാമെന്നതും സ്റ്റേ ചെയ്‌തില്ല. ബോർഡിലും കൗണ്‍സിലിലുംഇതര മതസ്ഥരെ ഉള്‍പ്പെടുത്തുന്നതും തടഞ്ഞില്ല. മുസ്ലിം സമുദായത്തിലെ വ്യക്തിയെ തന്നെ സി.ഇ.ഒയായി നിയമിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കോടതി നി‌ർദ്ദേശം നല്‍കി.

മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തോ ധനമോ ഒരാള്‍ക്ക് ദാനം ചെയ്യാൻ സാധിക്കില്ലെന്ന നിബന്ധനയിലും തെറ്റില്ലെന്ന് കോടതി പറഞ്ഞു.

നിയമഭേദഗതിയിലെ 12ല്‍പ്പരം വകുപ്പുകളുടെ ഭരണഘടനാ സാധുതയെ മുസ്ലിം ലീഗും സമസ്‌തയും അടക്കം ചോദ്യംചെയ്തിരുന്നു. ഇടക്കാല വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ചീഫ് ജസ്റ്റിസ് ഗവായ് ആണ് 128 പേജുള്ള വിധിയെഴുതിയത്. ഭരണഘടനാ വിഷയങ്ങള്‍ ഉള്‍ക്കൊളളുന്ന കേസായതിനാല്‍ വിശാല ബെഞ്ചിലേക്ക് പോയേക്കും.