അസമിലുണ്ടായ ഭൂചലനം, ആശുപത്രികെട്ടിടം ഉലയുന്നതിനിടെ ചികിത്സയിലുള്ള കുഞ്ഞുങ്ങളെ സംരക്ഷിച്ച്‌ നഴ്സുമാര്‍

ഗുവാഹാട്ടി: ഭൂചലനത്തെത്തുടർന്ന് ആശുപത്രികെട്ടിടം ഉലയുന്നതിനിടെ ചികിത്സയിലുള്ള കുഞ്ഞുങ്ങളെ സംരക്ഷിച്ച്‌ നഴ്സുമാർ.

അസമില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെയാണ് ആശുപത്രിയിലെ എൻഐസിയുവില്‍ ചികിത്സയിലുള്ള നവജാതശിശുക്കള്‍ക്ക് നഴ്സുമാർ സംരക്ഷണമൊരുക്കിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി.

നാഗോണിലെ ആദിത്യ നഴ്സിങ് ഹോമിലെ എൻഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരാണ് ഭൂചലനത്തിനിടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഓടിയെത്തിയത്. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഴ്സുമാർ ഓടിയെത്തി കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുകയായിരുന്നു. ഒരാള്‍ രണ്ടുകുഞ്ഞുങ്ങള്‍ക്കും രണ്ടാമത്തെ നഴ്സ് മറ്റൊരു കുഞ്ഞിനും സംരക്ഷണമൊരുക്കി. ഈ സമയമെല്ലാം ഭൂചലനത്തെത്തുടർന്ന് എൻഐസിയുവിലെ ഉപകരണങ്ങളും വിവിധ സാമഗ്രികളും കുലുങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നഴ്സുമാരുടെ പ്രവൃത്തിയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.