ഖത്തറില്‍ നടത്തിയ ആക്രമണം പരാജയമെന്ന വിലയിരുത്തലിലേക്ക് ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റ് എത്തുന്നതായി റിപ്പോർട്ട്.
ലക്ഷ്യമിട്ടിരുന്നവരെ വകവരുത്താൻ ആക്രമണം കൊണ്ട് സാധിച്ചില്ലെന്നും ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്തതായി ചാനല്‍ 12 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വിവരങ്ങള്‍ യുഎസിനോട് ഖത്തർ അറിയിച്ചതായും റിപ്പോർട്ട്.
ആക്രമണത്തില്‍ വളരെ കുറച്ച് ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രയേലിന് സാധിച്ചുവെന്ന ആശ്വാസമുണ്ടെങ്കിലും, ഇതിലും സംശയം നിലനില്‍ക്കുന്നുണ്ട്. യുഎസിന് പുറമേ, വ്യാഴാഴ്ച കാബിനറ്റ് മന്ത്രിമാരെയും ഈ ഓപ്പറേഷൻ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അറിയിച്ചുവെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഖത്തറിലെ ആക്രമണത്തിന് മതിയായ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ, ആക്രമണത്തിന് മുൻപ് ഹമാസ് നേതാക്കള്‍ സ്ഥലത്ത് നിന്നും മറ്റെവിടേക്കെങ്കിലും മാറിയോ തുടങ്ങിയ കാര്യങ്ങളില്‍ ചർച്ചകള്‍ പുരോഗമിക്കുകയാണ്.
അതേസമയം, ഇസ്രയേലിന് ആക്രമണത്തില്‍ മറുപടി നല്‍കാൻ അറബ് ഇസ്ലാമിക് ഉച്ചകോടി നടത്താനാണ് ഖത്തർ ഒരുങ്ങുന്നത്. ഇസ്രയേലിന് ഏത് രീതിയില്‍ തിരിച്ചടി നല്‍കണമെന്ന് ഉച്ചകോടിയില്‍ ചർച്ചയാകും. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ ആക്രമണം തുടരുമെന്ന് ഖത്തറിന് ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെയാണ് ഖത്തർ തീരുമാനം. ഇസ്രേയേല്‍ ആക്രമത്തിൻ്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖല അപകടത്തിലാണെന്നും കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തർ അറിയിച്ചിരുന്നു.
ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ ദോഹയിലായിരിക്കും അറബ് ഇസ്ലാമിക് നിർണായക ഉച്ചകോടി. പ്രാദേശിക തലത്തില്‍ ഇസ്രയേലിന് തിരിച്ചടി നല്‍കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍ റഹ്മാൻ ബിൻ ജാസിം സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.



