മെക്സിക്കോ സിറ്റിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിച്ചു; 70 പേര്‍ക്ക് ഗുരുതര പരിക്ക്, കത്തിക്കരിഞ്ഞത് 30 കാറുകള്‍

മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിലെ പ്രധാന ഹൈവേയില്‍ ഗ്യാസ് ടാങ്കർ ട്രക്ക് പൊട്ടിത്തെറിച്ച്‌ മൂന്ന് പേർ മരിക്കുകയും 70 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റോഡിലുണ്ടായിരുന്ന 30 കാറുകളാണ് അപകടത്തില്‍ പൊട്ടിത്തെറിച്ചത്. തലസ്ഥാനത്തെ ഇസ്തപാലപ ജില്ലയ്ക്കും അയല്‍ സംസ്ഥാനമായ മെക്സിക്കോയിലെ ചാല്‍കോയ്ക്കും ഇടയിലുള്ള അതിർത്തിക്ക് സമീപമാണ് വൻ സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. ടാങ്കറിന്റെയും സമീപത്തുള്ള വാഹനങ്ങളുടെ കത്തിനശിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയും ചെയ്യുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റവരില്‍ നവജാത ശിശുവും 2 വയസ് പ്രായമുള്ള കുഞ്ഞും ടാങ്കറിന്റെ ഡ്രൈവറും. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് അധികൃതരുള്ളത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ ഏറിയ പങ്കും ആളുകളുടെ ശരീരത്തിലെ പൊള്ളലുകള്‍ അതീവ ഗുരുതരമാണ്. 49500 ലിറ്റർ ഗ്യാസോലിനാണ് അപകടത്തില്‍പ്പെട്ട ടാങ്കറിലുണ്ടായിരുന്നത്. ദേശീയ പാതയുടെ തെക്കൻ മേഖലയിലുണ്ടായ അപകടത്തേ തുടർന്നുണ്ടായ പുകപടലം മെക്സിക്കോയുടെ നഗരത്തില്‍ നിന്നുവരെ ദൃശ്യമായിരുന്നു.

വാഹനങ്ങളിലുണ്ടായിരുന്ന 19 പേരുടെ പരിക്ക് അതീവ ഗുരുതരമാണെ്നാണ് മെക്സിക്കോ സിറ്റി മേയർ ക്ലാക ബ്രുഗാഡ വിശദമാക്കുന്നത്. ദേശീയപാതയില്‍ തലകീഴായി മറിഞ്ഞതിന് പിന്നാലെയാണ് ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചത്. സില്‍സ എന്ന കമ്ബനിയുടെ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. ഈ വാഹനത്തിന് ഇൻഷുറൻ പരിരക്ഷയുണ്ടായിരുന്നില്ലെന്നാണ് മെക്സിക്കോയുടെ പരിസ്ഥിതി മന്ത്രാലയം വിശദമാക്കുന്നത്. ടാങ്കറില്‍ നിന്ന് വലിയ രീതിയില്‍ അഗ്നി പടരുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് തീപിടിച്ച നിലയില്‍ ഇറങ്ങിയോടിയവർ റോഡില്‍ വീണ് കിടക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ദ്രവീകൃത പെട്രോളിയം വാതകം കയറ്റിക്കൊണ്ടിരുന്ന ടാങ്കർ ട്രെയിലർ മറിഞ്ഞ് ചുറ്റുപാടും തീ പൂർണ്ണമായും അണച്ചതായി നഗരത്തിലെ അഗ്നിശമന സേന പിന്നീട് അറിയിച്ചു. ഈ ആഴ്ച മെക്സിക്കോയിലെ ഹൈവേകളില്‍ നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്.