നേപ്പാള്‍ പ്രതിഷേധം; മുൻ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയെ അടുത്ത പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യം

കഠ്മണ്ഡു∙ നേപ്പാള്‍ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ (73) ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ ജെൻ–സീ പ്രക്ഷോഭകർ. രാഷ്ട്രീയ രംഗത്തുള്ളവർ തത്ക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നാണ് നിലപാട്. കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിഷേധക്കാരുടെ സംഘം നേപ്പാളി സൈനിക മേധാവിയെ ഉടൻ കാണുമെന്ന് നേപ്പാള്‍ സുപ്രീം കോടതി ബാർ അസോസിയേഷൻ സെക്രട്ടറിയും അഭിഭാഷകനുമായ രാമൻ കുമാർ കർണ ബുധനാഴ്ച വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ഏക വനിതയാണ് സുശീല കർക്കി. നേപ്പാളിൽ ഇതുവരെ സ്ത്രീ പ്രധാനമന്ത്രി പദവിയിൽ എത്തിയിട്ടില്ല. അതിനാൽ തന്നെ ചീഫ് ജസ്റ്റിസായ ഏക വനിത തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരട്ടെയെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. നേപ്പാൾ പ്രസിഡന്റായി മുൻപ് ബിദ്യ ദേവി ഭണ്ഡാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് കെ.പി. ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സുശീല കർക്കിയുടെ പേര് ഉയർന്നുവന്നത്.

രാജ്യവ്യാപക കർഫ്യൂ തുടരുന്നതിനാൽ നേപ്പാളിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഠ്മണ്ഡുവിലെ തെരുവുകൾ വിജനമാണ്. സൈനികർ പാർലമെന്റിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രക്ഷോഭത്തിൽ ഇതുവരെ 25 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിഷേധക്കാരും പൊലീസും ഉൾപ്പെടെ 600-ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. സുപ്രീം കോടതി മുതൽ മന്ത്രിമാരുടെ വീടുകൾ ഉൾപ്പെടെയുള്ള നിരവധി സർക്കാർ കെട്ടിടങ്ങളാണ് പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കിയത്. കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപക കർഫ്യൂ വ്യാഴാഴ്ച രാവിലെ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.