കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഉൾപ്പെട്ട നാലുപൊലീസുകാർക്ക് സസ്‌പെൻഷൻ. ഉത്തരമേഖല ഐജിയുടേതാണ് നടപടി. പൊലീസുകാർക്ക് സസ്‌പെൻഷൻ ശിപാർശ ചെയ്ത് തൃശൂർ ഡിഐജി റിപ്പോർട്ട് നൽകിയിരുന്നു.

എസ്‌ഐ നുഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവർക്കാണ് സസ്‌പെൻഷൻ. അതേസമയം, പൊലീസുകാർക്കെതിരെ കനത്ത നടപടിയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. നേരത്തെ നടപടി സ്വീകരിച്ചുവെന്നത് തടസ്സമാകില്ലെന്ന് നിയമോപദേശത്തിൽ വ്യക്തമായിരുന്നു.

പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടും നിയമോപദേശവും പരിഗണിച്ച് അച്ചടക്ക നടപടിയെടുക്കാനായിരുന്നു തീരുമാനം. പിരിച്ചുവിടുകയാണെങ്കിൽ ഇക്കാര്യം വ്യക്തമാക്കി പൊലീസുകാർക്ക് നോട്ടീസ് നൽകി വിശദീകരണം കൂടി കേട്ട ശേഷമേ നടപടിയെടുക്കാൻ കഴിയൂ. അതേസമയം പൊലീസുകാരെ പിരിച്ചുവിടുകയല്ലാതെ മറ്റൊരു നടപടിയും അംഗീകരിക്കില്ലെന്ന് മർദനമേറ്റ സുജിത്ത് വ്യക്തമാക്കിയിരുന്നു.

നടപടി സംബന്ധിച്ചു പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ചു നിയമ തടസം വന്നതാണു കാരണം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് തുടര്‍ നടപടി എടുത്താല്‍ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയര്‍ന്നു.

എന്നാല്‍ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു.

കേസില്‍ ഒരിക്കല്‍ പൊലീസ് നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച ക്രിമനല്‍ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടര്‍ന്നു വീണ്ടും നടപടി എടുത്താല്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാല്‍ നടപടി പുനഃപരിശോധിക്കുന്നതിനും ഉയര്‍ത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തത്. 2023 ലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനില്‍ മര്‍ദനമേറ്റത്. തുടര്‍ന്നു എസ്‌ഐ നൂഹ്‌മാന്‍, പൊലീസ് ഓഫിസര്‍മാരായ സന്ദീപ്, സജീവന്‍, ശശീന്ദ്രന്‍, ഷുഹൈര്‍ എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നു.