ഞങ്ങള്‍ വെല്ലുവിളിക്കാറില്ല, ഇത് സഹികെട്ടിട്ടാണ്; ഈ പോലീസുകാര്‍ കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല; വി.ഡി. സതീശൻ

തൃശൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ കാക്കിയിട്ട് വീടിന് പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കുറ്റക്കാരായ പോലീസുകാർക്കെതിരെ സർക്കാർ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളം ഇതുവരെ കാണാത്ത പ്രതികരണം ആയിരിക്കും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയെന്നും വിഡി സതീശൻ പറഞ്ഞു.

സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം.

സിപിഎമ്മിനെ പോലെയോ ബിജെപിയെ പോലെയോ ഉള്ള പാർട്ടിയല്ല കോണ്‍ഗ്രസ്. പാർട്ടിക്ക് ഒരു ഫ്രെയിം ഉണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ അതുവിട്ട് പ്രതികരിക്കും. പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് സഹിക്കാൻ പറ്റുന്നില്ല. ദൃശ്യം കണ്ടപ്പോള്‍ എന്താണ് മനസ്സിലുള്ള വികാരം, അതനുസരിച്ച്‌, അതിന് ആനുപാതികമായുള്ള പ്രതികരണം ഉണ്ടാകും. അതില്‍ ഒരു തർക്കവുമില്ല.

കേരളത്തിലെ പോലീസിനെ നയിക്കുന്നത് ഉപജാപക സംഘമാണ്. ആ സംഘമാണ് ഉദ്യോഗസ്ഥരെ മുഴുവൻ സംരക്ഷിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കാൻ ആളുണ്ട്. അത് ഇതോടെ അവസാനിക്കണം. ഈ മോൻ ആയിരിക്കണം അവസാനത്തെ ഇര. ഇതുപോലെ ഇനി ഒരു ഇര ഉണ്ടാകാൻ പാടില്ല. വലിയ കൊലപാതകികളും ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. അവരോട് ഒന്നും പോലീസിന് ഈ മനോഭാവം അല്ല. വിഷയത്തില്‍ സർക്കാർ നേരത്തെ എടുത്ത സ്റ്റാൻഡ് തന്നെയാണ്, നടപടി ഇല്ല എന്നാണെങ്കില്‍ ഇവരാരും വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് തീരുമാനിക്കാൻ കോണ്‍ഗ്രസിന് വളരെ എളുപ്പമാണ്. ആരും വീട്ടില്‍നിന്ന് പുറത്തിറങ്ങില്ല. കാക്കി വേഷം ധരിച്ച്‌ ഇനി ഇവർ പോലീസില്‍ ജോലി ചെയ്യാം എന്നു കരുതണ്ട. ഞങ്ങള്‍ ജയിലില്‍ പോയാലും അത് നടക്കില്ല. ഇത്രയൊന്നും സാധാരണ ഞങ്ങള്‍ പറയാറില്ല. ഞങ്ങളാരും ആരേയും വെല്ലുവിളിക്കാറില്ല. ഇങ്ങനെയൊന്നും ചെയ്യുന്ന ആളുകളല്ല. സഹികെട്ടിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്, വി.ഡി. സതീശൻ പറഞ്ഞു.

2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച്‌ മർദിച്ചത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മിഷൻറെ ഉത്തരവ് പ്രകാരമാണ് മർദനദൃശ്യങ്ങള്‍ സുജിത്തിന് ലഭിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനെതിരേ വൻ പ്രതിഷേധം ഉയർന്നിരുന്നു.