അനധികൃത മണ്ണെടുപ്പ് തടഞ്ഞ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; അജിത് പവാറിനെതിരെ പ്രതിഷേധം ശക്തം

മുംബൈ : മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. നടപടി നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അജിത് പവാര്‍ മുന്നറിയിപ്പു നല്‍കുകയായിരുന്നു.

സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണയെയാണ് അജിത് പവാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. അജിത് പവാർ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥയുമായി ഒരു എൻസിപി പ്രവർത്തകന്റെ ഫോണിലാണ് അജിത് പവാർ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിർത്തിവെക്കണമെന്നുമാണ് അജിത് പവാർ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനാല്‍ തന്റെ നമ്ബരിലേക്ക് വിളിക്കാനും ഇവർ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. ‘നിങ്ങള്‍ക്കെതിരേ ഞാൻ നടപടി സ്വീകരിക്കും’ എന്ന് അജിത് പവാർ പിന്നീട് ഉദ്യോഗസ്ഥയോട് പറഞ്ഞു.

”നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്ബർ തരൂ, അല്ലെങ്കില്‍ എന്നെ വാട്സാപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. ഇതുപോലെ സംസാരിക്കാൻ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നു” എന്നും അജിത് പവാർ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാർ, നടപടികള്‍ നിർത്തിവെക്കാൻ ഇവരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളിലുണ്ട്.

അതിനിടെ, വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. അജിത് പവാറിന് ഉപമുഖ്യമന്ത്രിയായി തുടരാൻ ധാർമികമായ അവകാശമില്ലെന്നും മഹാരാഷ്ട്രയെ അദ്ദേഹം കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

അതേസമയം, എൻസിപി നേതാവ് സുനില്‍ താക്കറെയും റവന്യൂമന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖർ ഭവാൻകുളെയും അജിത് പവാറിനെ ന്യായീകരിച്ച്‌ രംഗത്തെത്തി. അജിത് പവാർ ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ സാധാരണരീതിയിലുള്ള സംസാരമാണെന്നുമായിരുന്നു ഇവരുടെ ന്യായീകരണം. ‘ഇത് അദ്ദേഹത്തിന്റെ സാധാരണ സംസാരരീതിയാണ്. ഇതേ സ്വരത്തിലാണ് അദ്ദേഹം ഞങ്ങളോടും സംസാരിക്കാറുള്ളത്. ആ ഉദ്യോഗസ്ഥ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവരെ കുറ്റപ്പെടുത്തുന്നില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ അവരുടെ പരാതികള്‍ പറയും. അതാണ് അജിത് പവാർ ഉദ്യോഗസ്ഥരുമായി സംസാരിച്ചത്”, എൻസിപി മഹാരാഷ്ട്ര പ്രസിഡന്റ് സുനില്‍ താക്കറെ വിശദീകരിച്ചു.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ അഞ്ജന കൃഷ്ണ മഹാരാഷ്ട്രയിലെ കർമല ഡിഎസ്പിയായാണ് പ്രവർത്തിക്കുന്നത്. 2022-ലാണ് അഞ്ജന കൃഷ്ണ സിവില്‍സർവീസ് നേടിയത്.