ലണ്ടൻ: സഹപ്രവർത്തകയെ നിരന്തരം അവഹേളിക്കുകയും കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരിയായ ഡോക്ടർക്കെതിരെ ലണ്ടൻ തൊഴില്‍ ട്രൈബ്യൂണല്‍ കോടതി വിധി.
ദന്തഡോക്‌ടറായ ജിസ്‌ന ഇഖ്‌ബാലിനെതിരെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡെന്റല്‍ നഴ്‌സ് ആയ മോറിൻ ഹോവിസണ് 25,254 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്.
ലണ്ടനിലെ എഡിൻബർഗ് ഗ്രേറ്റ് ജംഗ്‌ഷൻ ഡെന്റല്‍ കേന്ദ്രത്തില്‍ നടന്ന തർക്കമാണ് കോടതിയിലെത്തിയത്. 40 വർഷത്തിലേറെ തൊഴില്‍പരിചയമുള്ള നഴ്‌സാണ് മോറിൻ. ഡെന്റല്‍ തെറാപ്പിസ്റ്റായ ജിസ്‌ന ജോലിസ്ഥലത്തുവച്ച് നിരന്തരം അനാദരവ് കാട്ടുകയും തുറിച്ചുനോക്കുകയും കണ്ണുരുട്ടുകയും ചെയ്തുവെന്നാണ് മോറിന്റെ പരാതി. ഇന്ത്യയില്‍ ദന്തഡോക്‌ടറായിരുന്നുവെങ്കിലും യുകെയില്‍ പ്രാക്‌ടീസ് ചെയ്യാൻ ജിസ്‌ന യോഗ്യത നേടിയിരുന്നില്ല. ക്ളിനിക്കില്‍ മോറിൻ ചെയ്തുവന്ന റിസപ്ഷനിസ്റ്റിന്റെ ജോലിയും ജിസ്‌നയ്ക്ക് ചെയ്യേണ്ടതായി വന്നു. കഴിഞ്ഞവർഷം സെപ്തംബറില്‍ മോറിൻ ജോലിസ്ഥലത്ത് കരഞ്ഞതാണ് ഇരുവരും തമ്മിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയത്.
മോറിനും ജിസ്‌നയും തമ്മിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച രേഖകളും തെളിവുകളും ട്രൈബ്യൂണലില്‍ ഹാജരാക്കിയിരുന്നു. മോറിന്റെ ആരോപണങ്ങള്‍ ജിസ്‌ന നിഷേധിച്ചെങ്കിലും കോടതി വിധി എതിരായിരുന്നു. മോറിൻ ഭീഷണിക്കും ഒറ്റപ്പെടുത്തലിനും ഇരയായെന്ന് കോടതി കണ്ടെത്തി. ജോലി സ്ഥലത്തെ ഇത്തരം പ്രവൃത്തികള്‍ ഭീഷണിപ്പെടുത്തലായി കണക്കാക്കാമെന്നും ഇത്തരം പ്രവൃത്തികള്‍ തുടർന്നാല്‍ തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി



