മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരാതിക്കാരനും സാക്ഷിയുമായ കർണാടക മാണ്ഡ്യ സ്വാമി സി.എൻ.
ചിന്നയ്യ ഒന്നാം പ്രതിയായി ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തു. അസ്ഥികള്‍ കണ്ടെത്തിയ സ്ഥലങ്ങളിലെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്കി കേസ് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്ന കുറ്റമാണ് പരാതിക്കാരനെതിരെ ചുമത്തിയത്.
ബി.എൻ.എസ് സെക്ഷൻ 164 പ്രകാരം ചിന്നയ്യ നേരത്തേ ബെല്‍ത്തങ്ങാടി പ്രിൻസിപ്പല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു, എന്നാല്‍, ഇപ്പോള്‍ എസ്.ഐ.ടി അംഗങ്ങള്‍ക്ക് മുമ്ബാകെ വിരുദ്ധമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. കോടതിയിലും അദ്ദേഹം തന്റെ പുതിയ മൊഴി നല്‍കിയിട്ടുണ്ട്.
കോടതിയിലെ രണ്ടാമത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണം നടക്കുന്നുണ്ട്. ബി.എൻ.എസ് സെക്ഷൻ 227, 228, 229, 230, 231, 236, 240, 240, 248, 336 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പുതിയ കേസുകള്‍ റജിസ്റ്റർ ചെയ്തതെന്ന് എസ്.ഐ.ടി അറിയിച്ചു. അതിനിടെ, ചിന്നയ്യക്ക് അഭയം നല്കിയ ധർമസ്ഥല ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡിയുടെ ഉജിരെയിലെ വസതിയില്‍ ഇൻക്വസ്റ്റ് പൂർത്തിയായി. തിമറോഡിയുടെ വീട്ടില്‍നിന്ന് ചിന്നയ്യയുടെ വസ്തുക്കള്‍ പൊലീസ് കണ്ടുകെട്ടി.




