കല്പറ്റ: വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഒമ്പതാം വളവില്‍ വ്യൂ പോയിന്റിന് സമീപമാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചു.
യാത്രക്കാർ വാഹനങ്ങളില്‍ കടന്നു പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്. റോഡുമുഴുവൻ മണ്ണ് നിറഞ്ഞതിനാല്‍ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ എല്ലാം തിരിച്ചുവിടുകയാണ്.
ബസുകളും മറ്റു വാഹനങ്ങളും എല്ലാം വഴി തിരിച്ചു വിടുകയാണ്. വയനാട്ടിലേക്ക് പോകേണ്ടവർ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലിസ് അറിയിച്ചു. കാല്‍നടയാത്രക്കാർ ഉള്‍പ്പെടെ ആരെയും കടത്തിവിടില്ല. ആംബുലൻസുകള്‍ ഉള്‍പ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങള്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തുക. ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങള്‍ക്ക് സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കണമെന്ന് പൊലിസ് അറിയിച്ചു.
ആറോളം മരങ്ങളാണ് റോഡിലേക്ക് കടപുഴകി മറിഞ്ഞു വീണിട്ടുള്ളത്. ഇതോടൊപ്പം വലിയ കല്ലുകളും പാറകളും മണ്ണും റോഡില്‍ നിറഞ്ഞു കിടക്കുകയാണ്. ഇതോടെ വായനാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പൂർണമായും നിലച്ചു. ഇതുവഴി എത്തിയ വാഹനങ്ങളെ തിരിച്ചുവിടാൻ പൊലിസിന്റെയും ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. വാഹനങ്ങളുടെ നീണ്ട നിര ചുരത്തില്‍ ഉണ്ടെന്നാണ് വിവരം.
കല്‍പറ്റയില്‍ നിന്ന് ഫയർ ഫോഴ്സ് എത്തി റോഡില്‍ നിന്ന് മണ്ണും മരവും മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വാഹനങ്ങള്‍ കൂട്ടിയിടിച്ചും താമരശ്ശേരി ചുരത്തില്‍ ഗതാതം തടസപ്പെട്ടിരുന്നു. ചുരത്തിന്റെ എട്ടാം വളവിന് മുകളിലായാണ് അപകടം ഉണ്ടായത്. കാറുകളും, ഓട്ടോകളും ഉള്പ്പെടെ എട്ടോളം വാഹനങ്ങള് അപകടത്തില്പ്പെട്ടു. നിയന്ത്രണം വിട്ട ലോറി മുന്നിലുള്ള വാഹനത്തില് ഇടിച്ചാണ് അപകടമുണ്ടായത്. തുടര്ന്ന് വാഹനങ്ങള് തൊട്ടുമുന്നിലുള്ള വാഹനങ്ങളിലേക്ക് ഇടിക്കുകയായിരുന്നു.




