തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്തു.
6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും. രാഹുലിനെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണവും ഉണ്ടാകില്ല.
പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തതോടെ രാഹുലിന്റെ രാജിയെന്ന ആവശ്യത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി. എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമ്ബോള്‍ പാർട്ടിക്ക് അത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതോടെയാണ് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ് ഹൈക്കമാൻഡ്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യം ശക്തമാകുന്നതിനിടയില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ട് അഭിപ്രായം ഉയരുന്നുണ്ട്. രാഹുല്‍ ഉടൻ രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്ബോള്‍ തത്കാലം രാജി വേണ്ടെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉള്‍പ്പെടെയുള്ളവർ രാഹുല്‍ രാജി വയ്ക്കണമെന്ന അഭിപ്രായമുള്ളവരാണ്. തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ രാഹുലിന്റെ രാജി അനുയോജ്യമാണെന്നാണ് ഇവരുടെ വാദം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവർ ഈ അഭിപ്രായത്തിനെ പിന്തുണയ്ക്കുന്നവരാണ്.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെങ്കില്‍ പാർട്ടിക്ക് വിവാദങ്ങളെ മറികടന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഇതുവഴി സമാന ആരോപണം നേരിടുന്ന എംഎല്‍എമാരെ സംരക്ഷിക്കുന്ന സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാമെന്നും പറയുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യുമെന്നും രാജിയെ പിന്തുണയ്ക്കുന്ന നേതാക്കന്മാർ അഭിപ്രായപ്പെടുന്നു.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നത് പോലുള്ള കടുത്ത തീരുമാനം തിരക്കിട്ട് എടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയും രാജിയെ എതിർക്കുന്നവർക്കുണ്ട്.




