മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് 6 മരണം; തീവ്രമഴ തുടരുന്നതിനാൽ കേരളത്തിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. പാലക്കാട് വടക്കഞ്ചേരി കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിന ആണ് മരിച്ചത്. ചൊക്ലിയിൽ വെള്ളക്കെട്ടിൽപ്പെട്ട് ഒളവിലം സ്വദേശി കുനിയിൽ ചന്ദ്രശേഖരൻ മരിച്ചു.

പത്തനംതിട്ട തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ ആണ് മരിച്ചത്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യത. നിലവിൽ തെക്കൻ ഛത്തീസ്‌ഗറിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കൻ  കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം  കേരള തീരത്തു ശക്തിയേറിയ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് സ്ഥിതിചെയ്യുന്നു . ഇതിൻ്റെ ഫലമായി, കേരളത്തിൽ അടുത്ത  5 ദിവസം വ്യാപകമായി  ഇടി,മിന്നൽ,കാറ്റോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അതിതീവ്ര മഴ തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും ഇന്ന്  അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.