ബി എസ് പി നേതാവിൻെറ കൊലപാതകം;പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി അധ്യക്ഷന്‍ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. ഒരാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.ചെന്നൈ മാധവാരത്ത് വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്.

തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം. പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

വീടിന് സമീപത്തുവച്ച് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നതിനിടെ ജൂലായ് അഞ്ചിനാണ് ആംസ്‌ട്രോങ്ങിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൊല നടത്തിയത്.സംഘം ആംസ്ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു മുന്‍ ചെന്നൈ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ആംസ്‌ട്രോങ്.