അബുദാബി റോഡിന് ഇനി ഡോ. ജോർജ്ജ് മാത്യു റോഡ് എന്ന് പേര് വിളിക്കും

-ഷാജി ആലുവിള

യു.എ.ഇ : മെഡിക്കൽ രംഗത്ത് നൽകിയ സ്തുത്യർഹമായ സേവനങ്ങൾക്കും, നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ അംഗീകാരമായി, അബുദാബി ഗവൺമെൻറ് അബുദാബി ഷേക്ക് ഷാക്ക്ബോട്ട് മെഡിക്കൽ സിറ്റിയോട് ചേർന്ന് ഉള്ള റോഡിന് ഡോ.ജോർജ് മാത്യുവിന്റെ പേര് നൽകി ആദരിച്ചു.

ജോർജ് മാത്യു റോഡ്. യുഎഇയിലെ ഈ റോഡ് മലയാളികൾക്ക് അഭിമാനമാണ്. കാരണം ഈ പേരിന് ഉടമ യു.എ.ഇ.യുടെ പ്രിയപ്പെട്ട മലയാളി ഡോക്ടർൻ്റേതാണ്.
ഡോക്ടർ ‘ജോർജ്ജ് മാത്യൂസ്’ അബുദാബിയുടെയും അൽ ഐനിന്റെയും ആധുനികതയിലേക്കുള്ള വളർച്ച നേരിൽ കണ്ട വ്യക്തിത്വമാണ്.

യു.എ.ഇ -യുടെ രാഷ്ട്രപിതാവ് ക്രാന്തദർശിയായ ഷെയ്ഖ് സായ്ദ് അൽ നഹ്യാന്റെ സ്വപ്നങ്ങൾ നേരിൽ അറിഞ്ഞ് അത് യാഥാർത്ഥ്യമാക്കുവാൻ പ്രവർത്തിക്കുകയായിരുന്നു. 1967 -ൽ 26 മത്തേ വയസ്സിൽ യു.എ.ഇ-ൽ എത്തിയതാണ് ഡോക്ടർ ജോർജ്ജ് മാത്യൂ.

അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും, സമർപ്പണ ബോധവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാങ്കേതികതകളും ഈ പ്രദേശത്ത് കൂടുതൽ വ്യാപിപ്പിക്കുവാൻ കൈക്കൊണ്ട നടപടികളും ഭരണകർത്താക്കളുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു.
പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് കുടുംബാംഗം ആണ് ജോർജ് മാത്യു . തിരുവനന്തപുരം മെഡിക്കൽകോളജിൽ ആയിരുന്നു പഠനം.

അബുദാബിയുടെയും അലൈന്റെയും മെഡിക്കൽ രംഗത്തെ വളർച്ചയോടൊപ്പം മലയാളിയായ ഡോക്ടർ ജോർജ് മാത്യു, വിദേശ സമൂഹത്തിൻെറ മനസ്സുകളിലും ചേക്കേറി.

2018-ൽ യു.എ.ഇ ഗവൺമെന്റ് അദ്ദേഹത്തിന് ‘അബുദാബി അവാർഡ്’ എന്ന രാജ്യത്തെ പരമോന്നത ബഹുമതി നല്കി ആദരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “യു.എ.ഇ ഒരിക്കലും പണത്തിന് മുകളിൽ പണികഴിപ്പിക്കപ്പെട്ട രാജ്യമല്ല, പിന്നെയോ ഒരു മഹാനായ വ്യക്തിത്വത്തിന്റെ (ഷെയ്ക്ക് സായദ്) ദർശനങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ രൂപീകൃതമായ മഹത്തായ രാഷ്ട്രമാണ്”

ഇപ്പോൾ യു.എ.ഇ -ലെ പ്രവാസികൾക്ക് പ്രത്യേകിച്ച് ഭാരതീയർക്കും മലയാളികൾക്കും അഭിമാനമാകുന്ന ഒരു വാർത്ത കൂടിയാണ് ഇത്.

ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആർഡ് ട്രാൻസ്പോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഡോ.ജോർജ്ജ് മാത്യുവിന്റെ പേരിൽ അബു ദാബി ഷെയ്ക്ക് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി -യുടെ സമീപം ഒരു പാതയ്ക്ക് അദ്ദേഹത്തോടുള്ള ആദരവായി ‘ജോർജ് മാത്യൂ സ്ട്രീറ്റ്’ എന്ന് നാമകരണം ചെയ്തതായി പ്രഖ്യാപനം വന്നു. പ്രസ്തുത സ്ട്രീറ്റിൽ ഇതിനോടകം അദ്ദേഹത്തിന്റെ പേരിലുള്ള നെയിം ബോർഡും സ്ഥാപിച്ചു കഴിഞ്ഞു.

യു.എ.ഇ -യുടെ ചരിത്രത്തിൽ ഒരു ഭാരതീയന്റെ പേരിൽ , ഒരു മലയാളിയുടേതായ ഒരു സ്ട്രീറ്റ് നാമകരണം ചെയ്യപ്പെടുന്നത് ആദ്യമാണ്.

രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാർത്ഥമായ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോർജ്ജ് പറഞ്ഞു.

സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ നൽകി ഇതിനുമുമ്പ് രാജ്യം ആദരിച്ചിട്ടുണ്ട്.

84 ആം വയസിലും സേവന നിരതനാണ് ഡോ. ജോർജ്. നിലവിൽ പ്രസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൻ്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് പ്രവർത്തനം.