ന്യൂഡല്‍ഹി: കയ്യില്‍ കിട്ടിയാല്‍ അവർ കൊന്നുകളയുമെന്ന് ഛത്തീസ്ഗഡില്‍ ക്രൂര മർദ്ദനത്തിനിരയായ മലയാളി പാസ്റ്റർ ജോസ് തോമസ്.
മതപരിവർത്തനം ആരോപിച്ചാണ് ഛത്തീസ്ഗഡിലെ കവർധയില്‍ ഇന്ത്യൻ മിഷനറി മൂവ്മെന്റിന്റെ ഹോളി കിങ്ഡം ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂള്‍ ഡയറക്ടറായ ജോസ് തോമസിനെ ബജ്‌രംഗ്ദള്‍ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ജീവനും കൊണ്ട് ഓടിയതാണെന്നും ഇനി എങ്ങോട്ട് പോകണമെന്ന് അറിയില്ലെന്നുമാണ് തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലം സ്വദേശി ജോസ് തോമസ് പറയുന്നത്.
കഴിഞ്ഞ 35 വർഷമായി ജോസ് തോമസ് ഛത്തീസ്ഗഡിലാണ്. സ്കൂളിന്റെ ചുമതലയും സഭാ പ്രവർത്തനങ്ങളുമായാണ് ഛത്തീസ്ഗഡിലെത്തിയത്. ഈ മാസം പതിനെട്ടിനാണ് ജോസ് തോമസിന് നേരേ ബദ്റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണമുണ്ടായത്. ഇനി കവർധയിലേക്ക് ചെന്നാല്‍ കൊല്ലുമെന്നാണ് സംഘത്തിന്റെ ഭീഷണി. ഭാര്യ ലിജി തോമസും രണ്ടു മക്കളും ഒപ്പമുണ്ട്. ഒരു മകൻ ഹൈദരാബാദില്‍ പഠിക്കുന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പലയിടത്തായി അഭയം തേടിയിരിക്കുകയാണ് ജോസ് തോമസും കുടുംബവും.
‘1999 ല്‍ സ്ഥാപിച്ച ഹോളി കിങ്ഡം ജില്ലയിലെ ആദ്യത്തെ ഇംഗ്ലിഷ് സ്കൂളാണ്. ഏപ്രില്‍ 28ന് ഒരു ബിജെപി നേതാവ് ബജ്‌രംഗ് നേതാക്കളുടെ മക്കളായ 2 വിദ്യാർഥികളുടെ ടിസി നല്‍കണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് 1.5 ലക്ഷത്തിലേറെ രൂപ ഫീസ് കുടിശികയുണ്ടെന്നും അതു നല്‍കിയാല്‍ ടിസി നല്‍കാമെന്നും പറഞ്ഞു.
പിന്നാലെ എസിപിയും എസ്പിയും വിളിച്ചു. ഫീസ് നല്‍കാതെ ടിസി നല്‍കാനാകില്ലെന്നു തീർത്തു പറഞ്ഞു. ഇതേത്തുടർന്നാണ് ആരാധാനാലയത്തിനു നേർക്ക് അക്രമണമുണ്ടായത്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ പൊലീസിന്റെ മുന്നിലിട്ടു മർദിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും മർദനമേറ്റു. ജനവാസ കേന്ദ്രത്തിലുള്ള ആരാധനാലയം അടച്ചു പൂട്ടാമെന്നു രേഖാമൂലം എഴുതിനല്‍കണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതോടെ 2 ദിവസത്തിന് ശേഷം മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ കോടതി വളപ്പിലിട്ടും മർദിച്ചു.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്ക് മർദനമേറ്റതില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ല. ഇമെയില്‍ വഴി ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ സ്കൂളിനെക്കുറിച്ചു പരാതിയുണ്ടെന്നും ഉടൻ പരിശോധന നടത്താനെത്തുമെന്നും ഡിഇ ഓഫിസ് അറിയിച്ചു. സ്കൂളിന്റെ ഭാവി തന്നെ അപകടത്തിലാണ്.’
2010ലും ആരാധനാലയത്തിനു നേർക്ക് ആക്രമണമുണ്ടായെന്നും ജോസ് തോമസ് പറഞ്ഞു.




