പ്യോങ്യാങ്:ഉത്തര കൊറിയയുടെ ഏറ്റവും പുതിയ 5,000 ടൺ യുദ്ധക്കപ്പൽ പുറത്തിറക്കുന്നതിനിടെയുണ്ടായ വലിയ പരാജയത്തിൽ കിം ജോങ് ഉൻ അതിയായി രോഷം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. കിഴക്കൻ തീരദേശ നഗരമായ ചോങ്ജിനിൽ നടന്ന ലോഞ്ച് ചടങ്ങിനിടെ കപ്പൽ തെന്നിമാറി മറിഞ്ഞു തകർന്നതായിരുന്നു സംഭവം. കപ്പലിന്റെ ലോഞ്ച് തികച്ചും കിംമിന്റേ സാന്നിധ്യത്തിൽ നടത്തിയതും പ്രശ്നം ഗുരുതരമാകാൻ കാരണമായി.

ഉദ്യോഗസ്ഥരുടെ “തികഞ്ഞ അശ്രദ്ധ” മൂലമാണ് ഈ “കുറ്റകൃത്യത്തിന്” തുല്യമായ ദുരന്തം സംഭവിച്ചതെന്ന് കിം പരസ്യമായി വിമർശിച്ചു. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നതുപോലെ, കപ്പൽ ലോഞ്ചിനിടെ ക്രാഡിൽ തെന്നിപ്പോയതിനെ തുടർന്നാണ് കപ്പൽ ബാലൻസ് തെറ്റുകയും, കീഴഭാഗത്ത് പിളര്‍ച്ചകൾ ഉണ്ടാകുകയും ചെയ്തത്.
പുതിയ സാറ്റലൈറ്റ് ചിത്രങ്ങളിൽ യുദ്ധക്കപ്പൽ വെള്ളത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് കാണുന്നത്. കപ്പലിനുണ്ടായ കേടുപാടുകൾ മറയ്ക്കാൻ നീല തുണികൾ ഉപയോഗിച്ചിട്ടുള്ളതും ചിത്രങ്ങളിൽ വ്യക്തമാകുന്നു.
ഇതിനെ തുടര്‍ന്ന് കപ്പൽ നിർമ്മാണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും കിം കടുത്ത ഭാഷയിൽ വിമർശിച്ചു. പാർട്ടിയുടെ ജൂൺ പ്ലീനറി യോഗത്തിന് മുൻപായി കപ്പൽ അറ്റകുറ്റപ്പണികൾ തീർക്കണമെന്ന് അദ്ദേഹം കർശനമായി നിർദേശിച്ചിട്ടുണ്ട്.
സൈഡ് ലോഞ്ച് ടെക്നിക് ഉപയോഗിച്ചതാണ് കപ്പൽ തകർന്നതിന്റെ പ്രധാന കാരണം എന്നാണ് ദക്ഷിണ കൊറിയൻ സൈനിക-ഇൻ്റലിജൻസ് വൃത്തങ്ങളും യുഎസ് ഏജൻസികളും സഹകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഉത്തര കൊറിയൻ മാധ്യമങ്ങൾ സംഭവത്തിന്റെ ഗൗരവം ലളിതമായി ചിത്രീകരിച്ചെങ്കിലും, അന്താരാഷ്ട്ര നിരീക്ഷകർ കിംമിന്റേ പ്രതികരണം അതിമാരകമായി മാറാൻ സാധ്യതയുണ്ടെന്ന് പറയുന്നു. ഈ തരത്തിലുള്ള നാണക്കേട് കിം ജോങ് ഉൻ കഴിവതും മറച്ചുവയ്ക്കാൻ ശ്രമിക്കുന്നവയാണ്, പക്ഷേ ഇത്രയും വലിയ പരാജയത്തിന് ഉത്തരവാദികൾക്ക് വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.




