പച്ചകുത്തിയ അടയാളം തെളിവായി; തലശ്ശേരിയില്‍ മണിപ്പുര്‍ കലാപക്കേസ് പ്രതി എന്‍ഐഎ പിടിയില്‍

കണ്ണൂർ: മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാല്‍ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) തലശ്ശേരിയില്‍നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി.

ഇവിടെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു രാജ്കുമാർ. തൊട്ടടുത്തായിരുന്നു താമസം. മഴക്കാലരോഗങ്ങള്‍ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികള്‍ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയല്‍ കാർഡ് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച്‌ ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലായെന്നറിഞ്ഞപ്പോള്‍ ഭാവമാറ്റമില്ലാതെ രാജ്കുമാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്‍ അനുസരിച്ചു.

നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷൻ ഫ്രണ്ടില്‍ (യുഎൻഎല്‍എഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ എന്നാണ് വിവരം. ചെവിക്കുകീഴെയായി കഴുത്തില്‍ പ്രത്യേക രീതിയില്‍ പച്ചകുത്തിയത് എൻഐഎക്ക് തിരിച്ചറിയല്‍ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങള്‍ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു.

തലശ്ശേരിയിലെ ഒരു ഹോട്ടല്‍ മാനേജ്മെന്റ് തൊഴിലാളികളെ തേടി സാമൂഹികമാധ്യമങ്ങളില്‍ ആഴ്ചകള്‍ക്ക് മുൻപ് പരസ്യം നല്‍കിയിരുന്നു. ഹിന്ദിക്കൊപ്പം നന്നായി ഇംഗ്ലീഷും സംസാരിക്കാനറിയാമെന്നതിനാല്‍ ജോലിക്കെടുത്തവരില്‍ അധികവും മണിപ്പുരില്‍നിന്നുള്ളവരാണ്. നാലുദിവസം മുൻപാണ് രാജ്കുമാർ തൊഴിലിനായി ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവില്‍നിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. ഹൗസ് കീപ്പിങ്ങിനാണ് ഒഴിവുള്ളതെന്ന് പറഞ്ഞു. കൂലിയും നിശ്ചയിച്ചു.

തലശ്ശേരിയിലെത്തി ആധാർ വിവരങ്ങള്‍ കൈമാറി മൂന്നുദിവസം നന്നായി ജോലിചെയ്തു. അധികമാരോടും സംസാരിക്കാതെ ജോലിചെയ്തിരുന്ന അയാള്‍ക്ക് ഇതുപോലൊരു ചരിത്രമുണ്ടെന്ന് ചിന്തിക്കാൻപോലും കഴിയില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

രാജ്കുമാറില്‍നിന്ന് എൻഐഎ വ്യാജ പാസ്പോർട്ടും പിടിച്ചെടുത്തതായാണ് വിവരം. തിരൂരില്‍നിന്ന് അതുപയോഗിച്ച്‌ വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

അതിനിടെയാണ് ഹോട്ടല്‍ ജോലിക്ക് ആളെ വേണമെന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ടതും തലശ്ശേരിയിലേക്ക് നീങ്ങിയതും. രണ്ടുവർഷമായി തുടരുന്ന മണിപ്പുർ സംഘർഷത്തിലെ പ്രതിയെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ കേരള പോലീസിനുപോലും വിവരം കൈമാറാതെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം കേരളത്തിലെത്തിയ ഇയാള്‍ വിവിധ ജില്ലകളില്‍ സഞ്ചരിച്ച ശേഷമാണ് തിരൂരിലും പിന്നീട് തലശ്ശേരിയിലുമെത്തിയത്. ഇംഫാലില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും