ഫുജൈറ: ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ആദ്യ സർവിസുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവിസ്. ഇതോടെ ഇൻഡിഗോയുടെ 41-ാം അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി ഫുജൈറ വിമാനത്താവളം മാറി.
ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാവിലെ 9.30ന് മുംബൈയിൽനിന്നു ഫുജൈറയിൽ എത്തിയ വിമാനം വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. വിമാനത്താവളത്തിൽ എത്തിയ ആദ്യ യാത്രക്കാരെ ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ സലാമി, എയർപോർട്ട് ഡയറക്ടർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി തുടങ്ങിയവർ ഊഷ്മള വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. 10.30ന് യാത്രക്കാരുമായി മുംബൈയിലേക്ക് വിമാനം തിരിച്ച് പറന്നു.
കണ്ണൂരിൽനിന്ന് രാത്രി 8.55ന് പുറപ്പെട്ട കന്നി വിമാനം രാത്രി 11.25ന് ഫുജൈറയിൽ ഇറങ്ങിയപ്പോഴും സ്വീകരിക്കാൻ വിമാനത്താവള, എയർലൈൻ അധികൃതർ എത്തിയിരുന്നു.




