-ഷാജി ആലുവിള
അപകടം ആർക്കും വരാം. എന്നാൽ അപകടം വരുത്തി കൊല്ലുക എന്നത് നീചവും കുറ്റകൃത്യവും ക്രൂരതയുമാണ്. ഒരു വീടിൻ്റെ തണൽ ആകേണ്ട യുവാവിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം വേദനയോടെയാണ് കേരളം കേട്ടത്. നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന ഐവിനെ വാഹനം ഇടിച്ചു കൊന്നത് രണ്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥർ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ ഒരു കേന്ദ്ര സായുധ പോലീസ് സേനയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ( സിഐഎസ്എഫ്) സർക്കാർ ഉടമസ്ഥതയിലുള്ളതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ വലിയ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകുക എന്നതാണ് സിഐഎസ്എഫിന്റെ പ്രാഥമിക ദൗത്യം .
ഈ ജോലിക്കാരെ സസ്പ്പൻ്റ് ചെയ്തു. കുറെ നാൾ കേസും കോടതിയുമായി ഇനി മുന്നോട്ട് പോകും പതിയെ പതിയെ കേസ് ഇഴഞ്ഞു നീങ്ങി മാഞ്ഞുപോകും. ഒന്നുകിൽ സസ്പെന്ഷൻ കഴിഞ്ഞ് ജോലിക്ക് അവർ തിരികെ കേറും. അഥവ പിരിച്ചുവിട്ടാൽ(കുറ്റം തെളിഞ്ഞാൽ) അവർക്ക് മറ്റൊരു ജോലി ശരിയായി കിട്ടും.
അപ്പോഴും നഷ്ടം മരിച്ചുപോയ യുവാവിൻ്റെ മാതാപിതാക്കൾക്ക് തന്നെ. വാക്കേറ്റവും വഴക്കും വാഹനം ഓടിക്കുമ്പോൾ സർവ്വ സാധാരണമാണ്. പക്ഷേ ഇങ്ങനെയുള്ള കൊല അപലപനീയം തന്നെയാണ്.
കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ബസിൽ ചില ചെറുപ്പക്കാർ ചാടി കയറി ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി മുഴക്കിയ വാർത്തയും ലോകം കണ്ടു. ആർക്കും ക്ഷമിച്ച് കൊടുക്കുവാൻ വയ്യാത്ത അവസ്ഥ, ആർക്കും ആരെയും പേടിയില്ല. മാതാപിതാക്കളുടെ വലിയ സ്വപ്നം ആയിരുന്നു മരിച്ച ഐവിൻ.

യാതൊരു ദുർസ്വഭാവും ഐവിന് ഇല്ലായിരുന്നു എന്ന് പറയുന്നു. ലഹരിയോ മയക്ക് മരുന്നോ ഉപയോഗിക്കില്ല എന്നും നാട്ടുകാർ എല്ലാവരും പറയുന്നു. പക്ഷേ ലഹരിയെക്കാൾ അപകടകാരിയാണ് കോപവും തർക്കവും പിടിവാശിയും. അതൊക്കെ ഒഴിവാക്കിവേണം ഡ്രൈവ് ചെയ്യുവാൻ. ഒപ്പം മത്സരവും. എന്തായിരുന്നു ഈ കൊലപാതകത്തിൻ്റെ കാരണമെന്ന് അന്വേഷണ സംഘമാണ് ഇനി കണ്ടുപിടിക്കണ്ടത്.
അതൊക്കെ എത്ര സത്യസന്ധമായിരിക്കും എന്നത് കണ്ടറിയാം. എന്തായാലും ഇടിച്ചു തെറിപ്പിക്കും മുമ്പ് ഐവിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ആ നീചന്മരായ സെക്യൂരിറ്റികൾക്കെ അറിയൂ. കേസ് ഇനി എങ്ങനെ ആയാലും കുറ്റം തെളിഞ്ഞു ശിക്ഷ ലഭിച്ചാലും ഈ കുടുംബത്തിൻ്റെ തീരാശാപം ഈ കുറ്റവാളികളെ മരണം വരെ പിന്തുടരും. ആ കുഞ്ഞിനെ ഇതുവരെ വളർത്തി പഠിപ്പിച്ച മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷയായിരുന്നു ഐവിൻ.
“അവർ അവനെ കൊന്നടീ…” എന്നുള്ള അച്ഛൻ്റെ വാക്ക് ആരുടെയും ചങ്ക് തകർക്കും. ഒരു ഭയവുമില്ലാതെ ആർക്കും ആരെയും കൊന്ന് കളയുവാനുള്ള നാടായി മാറുന്നു നമ്മുടെ നാട്. മനുഷ്യരുടെ ജീവനെയും സമ്പത്തിനെയൂം സംരക്ഷിക്കണ്ടവർ തന്നെ മറ്റുള്ളവരുടെ ജീവനെടുക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതി.
ഒരുപക്ഷേ സെക്യൂരിറ്റി ജീവനക്കാരുടെ വാഹനത്തിന് മുമ്പിൽ നിന്ന് തടസ്സം സൃഷ്ടിച്ചാൽ പോലും അതിനെതിരെ നടപടിയെടുക്കാൻ ഇവിടെ നിയമവും പോലീസും കോടതിയും ഇല്ലെ. ഈ ഉദ്യോഗസ്ഥർ ലഹരിയിൽ ആയിരുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാഹനത്തിൻ്റെ മുമ്പിൽ നിൽക്കുന്ന ആളിനെ പേടിപ്പിക്കാൻ അല്ല ചെയ്തത്. ഇടിയുടെ ആഘാതത്തിൽ ഐവിൻ വണ്ടിയുടെ ബോണറ്റിൽ തെറിച്ചു വീഴുകയും പിന്നീട് താഴെ വീണ അയാളുടെ ദേഹത്ത് കൂടി വണ്ടി കയറ്റി ഇറക്കിയതും കൊല്ലുവാൻ തന്നെയല്ലേ.
ഇതിൻ്റെ പിന്നിലുള്ള കാരണം എന്തെന്ന് അന്വേഷണ സംഘം സത്യസന്ധമായി കണ്ടുപിടിക്കും എന്ന് വിശ്വസിക്കാം. ഒരു കുഞ്ഞിനെ നീചമായി കൊന്ന് തള്ളിയവർ ചെറിയ വരുമാനത്തിൽ വലിയ സന്തോഷം കണ്ടെത്തിയിരുന്ന ഒരു കുടുംബത്തിലെ വിളക്കാണ് തല്ലി ക്കെടുത്തിയത്.
നമ്മുടെ സർക്കാരും പോലീസും കോടതിയും ഈ കുടുംബത്തിന് നീതി നടപ്പാക്കി, കുറ്റവാളികളെ ന്യായമായി ശിക്ഷിക്കും എന്ന് വിശ്വസിക്കാം. കുറ്റവാളികൾ രക്ഷപ്പെടുവാനുള്ള പഴുതുകൾ അടയപ്പെട്ടെ പറ്റു. നഷ്ടപ്പെട്ടത് ആ മാതാപിതാക്കൾക്കാണ്; നിയമത്തിൻ്റെ വിധി ഇവർക്ക് അനുകൂലമാകട്ടെ.




