ഷാജി ആലുവിള

അമ്മയെ ഓർക്കാനും അമ്മ നമ്മുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ ഓർമ്മിക്കാനും ഉള്ള ദിവസമാണ് മാതൃദിനം. കേവലം ഒരു മനുഷ്യായുസ്സ് പോരാ അമ്മയോടുള്ള കടപ്പാട് തീർക്കാൻ. അമ്മക്ക് പകരം വെയ്ക്കാൻ മറ്റൊരു നാമവുമില്ല. അമ്മയുടെ സ്നേഹവും കരുതലും അത്രക്ക് വലുതാണ്.

Anna Maria Jarvis
പുരാതന ഗ്രീക്ക് സമൂഹത്തിലായിരുന്നു ആദ്യമായി മാതൃദിനം തുടങ്ങിയത്. ഗ്രീക്ക് ദേവമതാവായ റിയയോടുള്ള ആദര സൂചകമായാണ് അന്ന മേരീസ് ജാർവീസ് എന്ന അധ്യാപക അത് ആരംഭിച്ചത്. അമേരിക്കൻ യുദ്ധത്തിൽ പരുക്കേറ്റ അന്നയുടെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു അമ്മ ദിനം ആചരിക്കുക എന്നത്. 1905 ൽ അമ്മയുടെ മരണത്തെ തുടർന്ന് അന്ന മാതൃദിനത്തിന് ആരംഭം കുറിച്ചു.
പള്ളികളിൽ ആയിരുന്നു ആദ്യം മാതൃദിനം ആചരിച്ചിരുന്നത്. പിന്നീട് അത് എല്ലാ രാജ്യങ്ങളിലേക്കും എത്തപ്പെട്ടു. അന്നൊക്കെ അമ്മമാരെ ഭൂമിയിലെ ദൈവമായിട്ടാണ് കണ്ടിരുന്നത്. അമ്മമാർക്ക് ബഹുമാനവും ആദരവും കൊടുത്തിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അമ്മയോടാണ് എല്ലാ ആവശ്യങ്ങളും പല മക്കളും പറഞ്ഞിരുന്നത്. അത് അമ്മ അച്ഛനോട് പറഞ്ഞാണ് ചെയ്യിപ്പിച്ചു തന്നിരുന്നതും.

ഗർഭത്തിൽ ഉരുവാകുന്നത് മുതൽ അമ്മ കുഞ്ഞിന് കൈമാറുന്ന ഒരുപാട് സന്ദേശമുണ്ട്. ശ്വാസവും ആഹാരവും ആരോഗ്യവും ആരുമറിയാതെ അമ്മ കുഞ്ഞിന് കൈമാറുന്നു. അതിന്റെ കരുത്താണ് ഇന്നത്തെ നമ്മുടെ ശരീരത്തിന്റെ എല്ലാമെല്ലാം. അതുകൊണ്ട് അമ്മക്ക് സമം അമ്മമാത്രം. എത്ര പോറ്റമ്മ യുണ്ടായാലും പെറ്റമ്മ പോലെ ഒരമ്മ വേറെയില്ല.
ജീവിതത്തിലെ വേദനകൾ കടിച്ചമർത്തി കണ്ണ് കണ്ണീർ കടലായാലും മക്കളെ അറിയിക്കാതെ എത്രയോ അമ്മമാർ നീറി നീറിയാണ് ഒരു ദിവസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ചക്രശ്വാസം പിടിച്ചിട്ടുള്ളത്. അതിൽ കൂടുതൽ എന്ത് ത്യാഗമാണ് ഒരമ്മ ചെയ്യേണ്ടത്. ഒടുവിൽ ആ അമ്മ നല്ല ചികിത്സയോ പോഷകഗുണമുള്ള ആഹാരമോ കിട്ടാതെ ആരോഗ്യം നശിച്ചു രോഗികളായി മാറുന്നു.
അമ്മയാണ് മക്കളെ കുളിപ്പിക്കുന്നതും തീറ്റുന്നതും ഒരുക്കുന്നതും പാട്ടും പ്രാർത്ഥനയും പഠിപ്പിക്കുന്നതും. കിടക്കയിൽ കിടന്ന് മലമൂത്ര വിസർജ്യം നടത്തിയപ്പോൾ ഒരു മനം മടുപ്പും ഇല്ലാതെ കൈകൊണ്ട് തുടച്ചുമാറ്റി നമ്മെ രാവെന്നോ പകലെന്നോ നോക്കാതെ കഴുകി തുടച്ച് മുലപ്പാൽ ഊട്ടിച്ചതും ഈ അമ്മയാണ്. നമുക്ക് ജന്മം തന്നിട്ട് ആ അമ്മ രാത്രികളിൽ ശരിക്കും ഉറങ്ങിയിട്ടില്ല. ഉറങ്ങിയ നമ്മുടെ മുഖത്ത് നോക്കി കിടന്ന്, കൈകൊണ്ട് മാറോട് ചേർത്തു കിടത്തി പതിയെ പതിയെ തട്ടിയുറക്കി ആ അമ്മ.
അമ്മ നല്ലൊരു വഴികാട്ടിയാണ്. അമ്മയുടെ ഉപദേശം ലാളന നിറഞ്ഞതാണ്. ആ ലാളന നല്ല വഴിയിൽ മക്കളെ നടത്തും. മക്കളുടെ ഭാവി നിർണ്ണായത്തിൽ അമ്മക്ക് നല്ലൊരു പങ്കുണ്ട്. ഭവനത്തിൽ അമ്മ കലഹക്കാരിയായാൽ വീട് നരകതുല്യമാകും.
അമ്മയാണ് ആദ്യ അധ്യാപക. അവർ യഥാർത്ഥ കരുതലിന്റെയും വാത്സല്യത്തിന്റെയും നിറകുടമാണ്. അമ്മ മക്കളുടെ ശക്തിയാണ്. ആത്മവിശ്വാസത്തോടെ മുന്നേറുവാനുള്ള ശക്തിയുമാണ് അമ്മ.
പണ്ടെങ്ങും ഇല്ലാത്ത തരത്തിൽ ഇപ്പൊൾ ചില അമ്മമാർ മക്കളെ കൊന്നുതള്ളുന്നു. കാരണം മാതൃത്വം ചിലർ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. എത്രയോ അമ്മമാർ മക്കളുടെ അതിക്രമത്തിന് ഇരയാകുന്നു. അമ്മത്തൊട്ടിലുകൾ പല ആശുപത്രികളിലും എപ്പോഴും സജ്ജീവമായിരുക്കുന്നു. ഒരു കാലത്ത് അമ്മയാകുന്നത് അനുഗ്രഹവും പദവിയും ആയിരുന്നു. ഇപ്പോൾ അമ്മയാകുവാൻ പലർക്കും ആഗ്രഹമില്ലതാനും. അഥവാ ആഗ്രഹം ഉണ്ടെങ്കിലും ജീവിതം ഒരു നിലയിൽ ആയിട്ട് ആകാം എന്നു പറയുന്നവരുമുണ്ട്.
പല സ്ഥലത്തും അമ്മമാരോട് കൊടും ക്രൂരത കാണിക്കുന്ന മക്കൾ വർധിച്ചു വരുന്നു. വൃദ്ധരായ അമ്മമാർ വിധവമാരായാൽ വീട്ടിൽ നിന്നും ഇറക്കി വിടുന്ന മക്കൾ വർധിച്ചു വരുന്നു. ഈ അടുത്ത സമയത്തും ഒരു മകനും കുടുംബവും അമ്മയെ ഇറക്കി വിട്ടു. ഒടുവിൽ അമ്മ പോലീസിൽ കേസ് കൊടുത്തതിനാൽ മകനെയും കുടുംബത്തെയും ആ വീട്ടിൽ നിന്നും പോലീസുകാർ ഇറക്കിയിട്ട് അമ്മയെ തിരികെ പാർപ്പിച്ചു.
വാർദ്ധക്യമായ അമ്മമാരെ പുറംതള്ളുന്ന മക്കൾ ഓർക്കുക അവർ ഉള്ളു നുറുങ്ങി വേദനിച്ചാൽ അത് നിങ്ങൾക്ക് ശാപം തന്നെയാണ്. മാത്രമല്ല നിങ്ങളുടെ മക്കൾ നിങ്ങൾക്ക് പലിശസഹിതം തിരികെ തരും. അത് കൊണ്ട് ഇത്തരം പ്രവർത്തികൾ ഇല്ലാതെ അമ്മമാരെ നമുക്ക് ചേർത്തു പിടിക്കാം. അവരുടെ ഹൃദയം വേദനിക്കുകയോ കണ്ണ് നിറയുകയോ ചെയ്യരുത്. അവരെ ബഹുമാനിക്കു, സ്നേഹിക്കു എന്നാൽ ദീർഘായുസ് ഉണ്ടാകും എന്ന് വിശുദ്ധ ബൈബിൾ പറയുന്നു. ഈ അമ്മയെ വെറുക്കരുത് മറക്കരുത് ഉപേക്ഷിക്കരുത്.
നോക്കു നമ്മെ നമ്മളക്കാൻ അച്ഛനിൽ നിന്നും അമ്മ കടം വാങ്ങിയാണ് ഉദരത്തിൽ നമ്മെ ഊട്ടി ഉറക്കിയത്. പൂർണ്ണ വളർച്ചവരെ അമ്മയുടെ ഉദരം ആയിരുന്നു നമ്മുടെ അഭയം. അത് മതി അമ്മയെ ജീവനുള്ള കാലം വരെ കരുതുവാൻ സ്നേഹിക്കാൻ.
ഓർക്കുക: യൗവ്വനം മങ്ങും, സൗഹൃദങ്ങളുടെ ഇല കൊഴിയും, പ്രണയങ്ങൾ പൊഴിഞ്ഞു പോകും എന്നാൽ അമ്മമാരുടെ പ്രതീക്ഷ അതിനെയെല്ലാം അതിജീവിക്കും.
ഇതാണ് അമ്മമാരുടെ ശാശ്വത സ്നേഹം. ആ അമ്മയെ ചേർത്തു നിർത്താം നമുക്ക്. ഒപ്പം മനസ്സിലും ചേർത്തു പിടിക്കാം…..!




