തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.
വാക്‌സിനുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളും പരിശോധിക്കണം. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (NCDC) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തില്‍ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്‌സിനുകള്‍ക്കുണ്ടോ എന്നും പരിശോധിക്കണം.
ഏപ്രില്‍ ഒന്‍പതിന് പത്തനംതിട്ടി സ്വദേശിയായ 13കാരി ഭാഗ്യലക്ഷ്മി, ഏപ്രില്‍ 29ന് മലപ്പുറം സ്വദേശി അഞ്ചര വയസുകാരി സിയ ഫാരിസ്, മെയ് അഞ്ചിന് മരിച്ച കൊല്ലം സ്വദേശിയായ ഏഴുവയസുകാരി നിയ ഫൈസല്‍ എന്നിവരാണ് ഒരു മാസത്തിലേറെ വാക്‌സിന്‍ എടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചത്.
2025ല്‍ മാത്രം ഇതുവരെ 14 പേരാണ് കേരളത്തില്‍ മാത്രം പേവിഷബാധയേറ്റ് മരിച്ചതെന്നാണ് കണക്ക്. അതേസമയം ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ചികിത്സ തേടിയത് ഒരു ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്ക് 3.16 ലക്ഷമായിരുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകളില്‍ 1470 പേര്‍ക്ക് പട്ടിയുടെ കടിയേല്‍ക്കുന്നുവെന്നാണ് കണക്കുകള്‍.
—————




