രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍; ബ്രെയിൻ ട്യൂമര്‍ ബാധിച്ച മൂന്ന് വയസുകാരിയെ ജൈനമതാചാര പ്രകാരം പട്ടിണിക്കിട്ട് കൊന്ന് രക്ഷിതാക്കള്‍

ഭോപ്പാല്‍: ബ്രെയിൻ ട്യൂമർ ബാധിച്ച മൂന്ന് വയസുകാരിയെ ജൈനമതാചാര പ്രകാരം ഉപവാസമരണത്തിനിരയാക്കി രക്ഷിതാക്കള്‍.

വിയന്ന ജൈൻ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. രോഗം മൂലം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ജൈന മതത്തില സന്താര ആചാര പ്രകാരമാണ് പട്ടിണിക്കിട്ട് മരണത്തിനിരയാക്കിത്.

ഐ.ടി പ്രൊഫഷണലുകളായ പിയൂഷ്, വർഷ ജെയിൻ ദമ്ബതികളുടെ മകളായ വിയന്നക്ക് 2024 ഡിസംബറിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. മുംബൈയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സക്ക് വിധേയയായെങ്കിലും രോഗാവസ്ഥ ഗുരുതരമായി തന്നെ തുടർന്നു. ഈ വർഷം മാർച്ചില്‍ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് ജൈന മതത്തിലെ ആചാരപ്രകാരം പെണ്‍കുട്ടി മരണത്തിന് കീഴടക്കിയത്.

ഈ വർഷം മാർച്ച്‌ 21ന് ആത്മീയഗുരുവായ രാജേഷ് മുനി മഹാരാജിനെ കുട്ടിയുടെ രക്ഷിതാക്കള്‍ പോയി കണ്ടിരുന്നു. ഇയാളുടെ നിർദേശപ്രകാരമാണ് കുട്ടിയെ രക്ഷിതാക്കള്‍ സന്താര എന്ന ആചാരത്തിന് വിധേയയാക്കിയത്. മന്ത്രങ്ങളിലൂടെയും നിരാഹാരത്തിലൂടെയും ഒരാള്‍ മരണത്തിന് കീഴടങ്ങുന്നതാണ് സന്താര ആചാരം.

ഗുരുദേവൻ ആചാരത്തെ കുറിച്ച്‌ ഞങ്ങള്‍ക്ക് വിശദീകരിച്ച്‌ തന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സന്താര ആചാരം നടത്താൻ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഗുരുജിയാണ് ഇതിന് നിർദേശിച്ചത്. കുടുംബത്തിലെ എല്ലാവരുടേയും അംഗീകാരം തീരുമാനത്തിനുണ്ടായിരുന്നുവെന്നും അവർ വിശദീകരിച്ചു.

സന്താര വ്രതം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയില്‍ ഗോള്‍ഡൻ ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡില്‍ വിയനയുടെ പേര് വന്നതോടെയാണ് ഈ സംഭവം പുറം ലോകമറിഞ്ഞത്.

അതേസമയം, സന്താര ആചാരം വിലക്കി രാജസ്ഥാൻ ഹൈകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 2015ലായിരുന്നു കോടതിയുടെ വിധി. ഇത് ആത്മഹത്യയാണെന്ന വിശദീകരണമാണ് വന്നത്. എന്നാല്‍, സംഭവത്തെ കുറിച്ച്‌ അറിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.