ഭര്‍ത്താവ് ‘താടി’ വടിക്കാൻ വിസമ്മതിച്ചു; യുവതി ഭര്‍തൃസഹോദരനൊപ്പം ഒ‍ളിച്ചോടി

മീററ്റ്: കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഒപ്പം ചില സങ്കീർണ്ണതകളും കടന്ന് വരാം. അതൊക്കെ ഒരു പരിധിവരെ സഹിച്ചും ക്ഷമിച്ചുമാണ് കുടുംബ ജീവിത മുന്നോട്ട് പോകേണ്ടതും, പോകുന്നതും. എന്നാലിന്ന് വരെ കുടുംബ ജീവിതത്തിൽ ‘താടി’ വില്ലനായതായി ഒരറിവും ഇല്ലായിരുന്നു. എന്നാലിപ്പോളതും സംഭവിച്ചിരിക്കുന്നു.

ഭര്‍ത്താവ് താടിവടിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരനൊപ്പം ഒ‍ളിച്ചോടിയെന്നാണ് വെളിയിൽ വരുന്ന വാർത്ത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്.

മീററ്റിലെ ഉജ്ജവൽ ഗാർഡനിയില്‍ താമസിക്കുന്ന മുസ്ലീം പുരോഹിതനായ ഷാക്കിർ എന്നയാൾ ഏഴ് മാസം മുമ്പാണ് അർഷി എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ താടി വടിക്കാൻ ഭാര്യ സമ്മർദ്ദം ചെലുത്തിയിരുന്നു.

കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് താൻ ഷാക്കിറിനെ വിവാഹം കഴിച്ചതെന്നും താടി വടിക്കാൻ സമ്മതിച്ചാൽ മാത്രമേ ഷാക്കിറിനൊപ്പം താമസിക്കൂ എന്നും അർഷി പറഞ്ഞിരുന്നു. ഇതേ വിഷയത്തിൽ ദമ്പതികൾ പതിവായി വാക്കുതര്‍ക്കത്തിലുമേര്‍പ്പെട്ടിരുന്നു. എന്നാല്‍ താൻ ഒരിക്കലും താടിവടിക്കില്ലെന്നായിരുന്നു ഷാക്കിറിൻ്റെ മറുപടി.

ഇതിനിടെയാണ് യുവതി ഷാക്കിറിൻ്റെ സഹോദരനുമായി ഒളിച്ചോടിയത്. സംഭവം അറിഞ്ഞ ഷാക്കിര്‍ നാണക്കേട് മറയ്ക്കാൻ സംഭവ വിവരം ആരോടും പറയാതെ ഇരുവരേയും കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അർഷി ഇപ്പോൾ തന്നിൽ നിന്ന് 5 ലക്ഷം രൂപ ആവശ്യപ്പെടുന്നുണ്ടെന്നും ഷാക്കിർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബത്തെയുെ ഷാക്കിര്‍ ഈ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മകളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതാണെന്നും അതുകൊണ്ട് വിഷയത്തില്‍ ഇടപെടില്ലെന്നുമാണ് യുവതിയുടെ കുടുംബം അറിയിച്ചത്.