വാഷിങ്ടൺ:അമേരിക്കൻ വിമാനവാഹിനി കപ്പലായ ഹാരി എസ് ട്രൂമാനിൽ നിന്ന് ശതകോടികളുടെ വിമാനം ചെങ്കടലിൽ പതിച്ചു. 67 മില്യൺ ഡോളർ വിലവരുന്ന അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്‌എ 18ഇ സൂപ്പർ ഹോർണറ്റ് കപ്പലിന്‍റെ ഉപരിതലത്തിൽനിന്ന് തെന്നിനീങ്ങി കടലിൽ പതിച്ചത്. സംഭവത്തിൽ ഒരു പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. അതേസമയം വിമാനം കടലിൽ മുങ്ങിയതായി യുഎസ് നാവികസേന അറിയിച്ചു.
കപ്പലിന്റെ ഹാംഗർ ബേയ്ക്കുള്ളിലേക്ക് വിമാനം നീക്കുന്ന പ്രക്രിയക്കിടെ ടോവിംഗ് ക്രൂവിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. പൈലറ്റ് സീറ്റിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യെമനിലെ ഹൂതികളെ നേരിടുന്നതിനായാണ് 28 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലായ ഹാരി എസ് ട്രൂ മാൻ ചെങ്കടലിൽ വിന്യസിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന വക്താവ് പറഞ്ഞു.
ആറു മാസത്തിനിടെ ട്രൂമാനിൽ നിന്നും അപകടത്തിൽ പെടുന്ന രണ്ടാമത്തെ യുദ്ധവിമാനമാണിത്. കഴിഞ്ഞ വർഷം അവസാനം യുഎസ്എസ് ഗെറ്റിസ്ബർഗ് ഗൈഡഡ് മിസൈൽ ക്രൂയിസർ ഇതുപോലെ മറ്റൊരു വിമാനത്തെ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്തിയിരുന്നു. 90 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള കപ്പലായ ട്രൂമാന് 1092 അടി നീളവും 257 അടി വീതിയുമുണ്ട്. ഏകദേശം 67 മില്യൺ ഡോളർ വിലമതിക്കുന്ന യുദ്ധവിമാനം പറക്കുന്നതിന് മുമ്പുള്ള പരിശോധനകൾക്കായോ അറ്റകുറ്റപ്പണികൾക്കോ വേണ്ടി സാധാരണയായി കപ്പലിലെ ഹാംഗർ ഡെക്കിന് ചുറ്റും നീക്കാറുണ്ട്. മുങ്ങിപ്പോയ ജെറ്റ് തിരിച്ചെടുക്കാൻ നാവികസേന ശ്രമിക്കുമോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.



