വൈദ്യുതി തടസ്സത്തിൽ വലഞ്ഞ് സ്പെയിനും പോർച്ചുഗലും; പൊതുഗതാഗതം സ്തംഭിച്ചു; ജനങ്ങള്‍ ദുരിതത്തില്‍

പാരീസ്‌: വൈദ്യുതി വിതരണം തടസപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍. സ്പെയിനിലും പോർച്ചുഗലിലും ഭൂരിപക്ഷം മേഖലകള്‍ക്കും പുറമെ ഫ്രാന്‍സിന്റെ ചില ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടതിനേത്തുടര്‍ന്ന് ദൈനംദിന ജീവിതം തകരാറിലായത്. ഇതേതുടര്‍ന്ന് പൊതുഗതാഗതം സ്തംഭിപ്പിക്കുകയും വലിയ ഗതാഗതകുരുക്കിന് കാരണമാകുകയും ചെയ്തു. വിമാന സര്‍വീസുകള്‍ വൈകി.

വൈദ്യതി തടസപ്പെടാനുള്ള കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി തടസത്തെ തുടര്‍ന്ന് സ്പാനിഷ് പോര്‍ച്ചുഗീസ് സര്‍ക്കാരുകള്‍ അടിയന്തരമന്ത്രിസഭാ യോഗം വിളിച്ചുചേർത്തു .വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സ്പാനിഷ് പവര്‍ ഗ്രിഡ് ഓപ്പറേറ്റായ റെഡ് ഇലക്ട്രിക്ക അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളെയാണ് പ്രധാനമായും വൈദ്യുതി തടസ്സം ബാധിച്ചതെന്ന് ഇ-റീഡിസ് എന്ന സ്പാനിഷ് ഇലക്ട്രിസിറ്റി ഗ്രിഡ് മോണിറ്ററിങ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

വൈദ്യുതി തടസം നേരിട്ടതോടെ മാഡ്രിഡ് നഗരത്തില്‍ വന്‍ഗതാഗത കുരുക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പോര്‍ച്ചുഗലിലും സ്ഥിതി സമാനമായിരുന്നു. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലും പോര്‍ട്ടോ നഗരത്തിലും മെട്രോ സര്‍വീസ് പ്രവര്‍ത്തിച്ചില്ല. ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. സ്പെയിനിലും ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി.

സ്പെയിനില്‍ ആറ് മുതല്‍ പത്തുമണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദ്യുതി തടസപ്പെടാനുണ്ടായ കാരണം വ്യക്തമല്ല. അതേസമയം, തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ അലാറിക് മലനിരകളിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് പവര്‍ കേബിള്‍ തകര്‍ന്നതാണ് ഫ്രാന്‍സില്‍ വൈദ്യുതി വിതരണം തടസപ്പെടാന്‍ ഇടയായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*