മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് ഇന്ത്യ. ഡാം തുറന്നതിനെ തുടർന്ന് ത്സലം നദിയില്‍ ജലനിരപ്പ് ഉയർന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.
ഹട്ടിയൻ ബാല ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നദീതീരങ്ങളില്‍ താമസിച്ചിരുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി.
കൊഹാല, ധാല്‍കോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. “ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വെള്ളം ഇരച്ചുകയറി, ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ഞങ്ങള്‍ പാടുപെടുകയാണ്,” പാക് അധീന കശ്മീരിലെ നദീതീരത്തുള്ള ഡുമെല്‍ എന്ന ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് ആസിഫ് പറഞ്ഞു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തുടങ്ങിയ പ്രദേശങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയർന്നതോടെ താമസക്കാരെ ഒഴിപ്പിക്കാൻ ഉച്ചഭാഷിണികള്‍ വഴി നിർദേശിച്ചു.
“ഝലം നദിയിലേക്ക് ഇന്ത്യ പതിവിലും കൂടുതല്‍ വെള്ളം തുറന്നുവിടുന്നതിനാല്‍, ജല നിരപ്പ് ഉയരുന്നു” സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യ മനഃപൂർവ്വം ഡാമിലെ വെള്ളം തുറന്നുവിട്ടതെന്ന് പാക് അധീന കശ്മീരിലെ സർക്കാർ ആരോപിച്ചു. മുൻകൂർ അറിയിപ്പ് നല്‍കാത്തത് അന്താരാഷ്ട്ര ജലസേചന നിയമത്തിന്റെ ലംഘനമാണെന്ന് ഇത് അവർ പറഞ്ഞു.
ഹട്ടിയൻ ബാലയിലെ ഭരണകൂടം താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുകയും രക്ഷാപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ പ്രവർത്തന നടപടിക്രമമാണെന്ന് റിപ്പോർട്ടുകളുണ്ട്.



