ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണന് മലയാളക്കരയുടെ പ്രണാമം. കോഴിക്കോട് – മാവൂർ റോഡ് സ്മൃതി പഥം ശ്‌മശാനത്തില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
മന്ത്രി എ.കെ ശശീന്ദ്രൻ സംസ്ഥാന സർക്കാരിന് വേണ്ടി പഷ്പചക്രം സമർപ്പിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 9.45 ഓടെയാണ് എം ജി എസ് വിട വാങ്ങിയത്. മലാപ്പറമ്ബിലെ വസതിയായ മൈത്രിയില്‍വെച്ചായിരുന്നു വിയോഗം. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ വീട്ടിലായിരുന്നു പൊതുദർശനം. ചരിത്രകാരൻ എം ആർ രാഘവ വാര്യർ,മന്ത്രി എ കെ ശശീന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ KPCC പ്രസിഡണ്ട് VM സുധീരൻ,MLA മാരായ ഡോ.എം കെ മുനീർ, തോട്ടത്തില്‍ രവീന്ദ്രൻ, കെ കെ രമ തുടങ്ങിയവർ വീട്ടിലെത്തി എംജിഎസിന് അന്തിമോപചാരം അർപ്പിച്ചു. സുഹൃത്തുക്കളും ശിഷ്യന്മാരും ഉള്‍പ്പെടെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. അധ്യാപകൻ, ചരിത്രകാരൻ സാംസ്കാരിക- പൊതു പ്രവർത്തകൻ എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിന്ന വ്യക്തിയാണ് എം ജി എസ്.
മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂള്‍ പഠനവും പൂർത്തിയാക്കിയശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും ഫാറൂഖ് കോളജിലും തൃശൂർ കേരളവർമ കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലും ഉന്നത പഠനങ്ങള്‍ പൂർത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റർ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പൻ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു. പഴയ ലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസ്‌കൃത ഗ്രന്ഥങ്ങളും പുരാവസ്‌തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്ബതു മുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ പെരുമാള്‍സ് ഓഫ് ഗവേഷണ പ്രബന്ധത്തിന് പിഎച്ഡി ലഭിച്ചു.
നീണ്ട പന്ത്രണ്ടുവർഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തില്‍ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വർഷങ്ങള്‍ കഴിഞ്ഞാണ്.ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സർവകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എംജിഎസ്, പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഫാക്കല്‍റ്റി ഡീൻ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1976 മുതല്‍ ഇന്ത്യൻ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ ചേർന്നു പ്രവർത്തിച്ചു വിവിധ ചുമതലകള്‍ വഹിച്ചു. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസർച്ചുമായി സഹകരിച്ച് നിരവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
കേരളചരിത്രം, തമിഴ് ചരിത്രം, പ്രാചീന ഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തില്‍ ആയിരത്തിലധികം ശിഷ്യസമ്ബത്ത് അദ്ദേഹത്തിനുണ്ട്. . മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.



