ന്യൂഡൽഹി:പഹൽഹാമിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരർ നുഴഞ്ഞ് കയറിയത് ഒന്നരവർഷം മുൻപാണെന്ന് റിപ്പോർട്ട്. ഭീകരരെ സഹായിച്ച ലഷ്ക്കർ സ്ലീപ്പർസെല്ലിലെ 5 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പഹൽഗാമിൽ നിന്ന് ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇന്ന് മാത്രം 250 പേർക്ക് ജമ്മു കശ്മീർ പൊലീസ് നോട്ടീസ് നൽകി.
ആക്രമണം നടത്തിയ മൂന്നു ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ സ്വദേശികളായ ഹാസിം മൂസ, അലിഭായ്, ആദിൽ ഹുസൈൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ രേഖ ചിത്രങ്ങൾ ജമ്മു കാശ്മീർ പൊലീസ് പുറത്തുവിട്ടു. ഇവർ കഴിഞ്ഞ ഒന്നര വർഷമായി സൗത്ത് കാശ്മീരിലെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു കഴിയുകയായിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തത്.
ആക്രമണം നടന്ന ബൈസരൺവാലി കരസേന മേധാവി സന്ദർശിക്കും. പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബൈസരൺവാലിക്ക് സമീപ പ്രദേശങ്ങളിൽ തെരച്ചിലിനായി കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാർ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാകിസ്ഥാന് നല്‍കുക ദൂരവ്യാപക പ്രതിസന്ധിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. കൂടാതെ പാകിസ്ഥാനികള്‍ക്ക് ഇനി വിസ നൽകില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.
28 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.



