
ഷാജി മാറാനാഥ
പഞ്ചാബിലെ പ്രമുഖ പെന്തക്കോസ്ത് സഭാ പാസ്റ്റര്‍ ബജീന്ദര്‍ സിംഗ് ലൈംഗിക പീഡന കേസില്‍ കുറ്റക്കാരനാണെന്ന് മൊഹാലി കോടതി വിധിച്ചു. 2 മാസം മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ പഞ്ചാബിലെ ഉണര്‍വ്വ് സഭകളിലൊന്നിന്റെ പാസ്റ്ററാണിദേഹം.

കോയമ്പത്തൂരിലെ കിംഗ് ജനറേഷന്‍ സഭയുടെ പാസ്റ്റര്‍ ജോണ്‍ ജെബരാജിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു….
ഈയടുത്ത സമയങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ട 2 വാര്‍ത്തകളാണിത്.
ഒരു കുറ്റവും ചെയ്യാത്തവര്‍ പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ട് വാര്‍ത്തകളായി മാറുന്ന കാലമാണിത്. ചിലരെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നുമുണ്ട്. ഇത് സത്യമാണെങ്കിലും ഭക്തിയുടെ മറവില്‍ അതിന്റെ ശക്തിയെ ത്യജിച്ച് കൊടിയകുറ്റം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അവരും യേശുവിനെ പ്രസംഗിക്കുന്നതിനാല്‍ സമൂഹം അവരേയും പാസ്റ്റര്‍മാര്‍ എന്ന് വിളിക്കുന്നു. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് അവര്‍ ആരായിരുന്നുയെന്ന് തിരിച്ചറിയുന്നത്.
ലോകത്ത് ക്രിസ്ത്യാനിത്വത്തിന്റെ വളര്‍ച്ച, പ്രത്യേകിച്ച് പെന്തക്കോസ്ത് സഭകളുടെ വളര്‍ച്ച ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്. ലോകത്ത് ക്രൈസ്തവ സഭ വളരുന്നുയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ അതില്‍ ക്രിസ്തുവിന്റെ പക്ഷത്തുള്ളവര്‍, ദൈവം കണ്ട ഗണത്തില്‍ പെടുന്നവര്‍ എത്ര പേര്‍ ഉണ്ടെന്നത് ചിന്തനീയമാണ്. കതിരുകള്‍ക്കിടയില്‍, അവയുടെ മറവില്‍ കളകളും തഴച്ച് വളരുന്നത് പോലെ ക്രിസ്തു ഇല്ലാത്ത ക്രിസ്തീയ സഭകള്‍ ഇന്ന് വളര്‍ന്ന് പൊങ്ങുന്നു.
ബാഹ്യമോടി കണ്ട് ക്രിസ്തുയെന്ന വെളിച്ചമാണെന്ന് തെറ്റിദ്ധരിച്ച് പ്രതീക്ഷയോടെ ഓടിയടുക്കുന്ന വിശ്വാസികളെ കബളിപ്പിച്ച് ഇത്തരം സഭകളും അതിന്റെ അമരക്കാരും ചീര്‍ത്ത് വീര്‍ക്കുന്നു. ദൈവവചനം എന്ന അടിസ്ഥാനത്തില്‍ കാലങ്ങള്‍ക്ക് മുമ്പെ പണിയപ്പെട്ട സഭാവിഭാഗങ്ങളില്‍ പലതിനും കാലാന്തരത്തില്‍ മൂല്യച്ഛ്യൂതി സംഭവിച്ചിട്ടുണ്ട്. എങ്കിലും അവയിലൊരു ന്യൂനപക്ഷം ഇന്ന് വേദോപദേശങ്ങളില്‍ അടിയുറച്ച് നീങ്ങുന്നതിനാല്‍ ആ സഭകളിന്നും തകരാതെ നില്‍ക്കുന്നു. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ പെന്തക്കോസ്ത് സഭകളുടെ ചുവട് പിടിച്ച് തുടക്കം കുറിച്ച സഭകള്‍ പലതും പരാജയത്തിന്റെ പടുകുഴിയിലാണ്. കാരണം ദൈവമല്ല അവരുടെ ലക്ഷ്യം.
മറ്റുള്ളവരെ പോലെ ഭൗതികമായി ഉയര്‍ച്ച പ്രാപിക്കുവാന്‍ ഒരു വഴി; ഇതാണ് ഇന്ന് ക്രിസ്തുവിനെ തേടുന്ന പലരും ലക്ഷ്യമാക്കുന്നത്.

പണവും മാനവും ഭൗതികോല്ലാസവും കാംഷിച്ച് ടെന്റടിച്ച് കാത്തിരിക്കുന്ന പല അഭിനയ സിദ്ധന്മാരുടേയും കെണിയിലേക്ക് ഇത്തരത്തില്‍ പലരും വീണു പോവുകയാണ്. ചട്ടവും പ്രമാണങ്ങളും കാറ്റില്‍ പറത്തി സ്വയം വിശുദ്ധരും സിദ്ധരുമായി ചമെഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കല്‍ ഇന്ന് ക്രിസ്തുവിന്റെ ഭാവത്തിലും രൂപത്തിലും ക്രൈസ്തവ സഭയില്‍ അങ്ങിങ്ങായി അരങ്ങ് വാഴുന്നു. ക്രിസ്തുയെന്നാല്‍ നിത്യജീവന്‍ എന്നും സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്നുമായിരുന്നു ഒരു കാലത്തെ സന്ദേശം. അത് പ്രസംഗിച്ചവരുടെ ജീവിതവും ആ പ്രസംഗത്തിനൊത്തതായിരുന്നു.
ഞെരുക്കങ്ങളുടേയും കഷ്ടതയുടേയും നിന്ദകളുടേയും ആ കാലത്തും അനേകായിരങ്ങള്‍ ഇഹത്തിലെ നന്മയേക്കാള്‍ പരത്തിലെ അനുഗ്രഹം കാംഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ ഇറങ്ങി. എതിര്‍പ്പിനോ, കൊടിയ പീഡനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ ഒന്നിനും യേശുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. കാരണം അവര്‍ക്ക് ദൈവത്തിലുള്ള വിശ്വാസവും വിശ്വസ്ഥതയും വലുതായിരുന്നു. ഇന്നത്തെ സഭകള്‍ യേശുക്രിസ്തുവിനെ ഭൗതികാനുഗ്രഹങ്ങളുടെ കവിഞ്ഞൊഴുകുന്ന കലവറയാക്കി അവതരിപ്പിക്കുന്നു. ക്രിസ്തുവിലുടെ സാമ്പത്തിക ഉയര്‍ച്ചയും കടമില്ലാ ജീവിതവും കാറും വീടും വിദേശ വാസവും ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നു.
ദൈവ വചന സത്യങ്ങള്‍ക്കും നിത്യജീവനുമൊന്നും ഇവിടെ പ്രസക്തിയില്ലാതാവുന്നു. ഫലമോ കൗശലവും കപടതയും മുഖമുദ്രയാക്കിയ ആധുനിക സിദ്ധന്മാര്‍ പലരും വിശ്വാസികളെ പിഴിഞ്ഞ് ഭൗതികമായി ‘രക്ഷ’ പ്രാപിക്കുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് പോലും നഷ്ടമായി വഞ്ചിക്കപ്പെട്ട വിശ്വാസികള്‍ ഇരുട്ടില്‍ തപ്പുകയാണ്. സാമ്പത്തിക തട്ടിപ്പുകളും തൊഴില്‍ തട്ടിപ്പുകളും വിസാ തട്ടിപ്പുകളും ലൈംഗിക ആരോപണങ്ങളും അവിഹിത ബന്ധങ്ങളും കോടതി വ്യവഹാരങ്ങളും ഇന്ന് പാസ്റ്റര്‍മാരുടെ പേരില്‍ പുറത്ത് വരുന്നു. അവരില്‍ എത്ര പേര്‍ നീതിയായി ജീവിച്ചവരാണെന്നത് നാം തിരിച്ചറിയണം.
യഥാര്‍ത്ഥത്തില്‍ ദൈവവചനം അനുസരിച്ച് ജീവിച്ച, ദൈവാലോചന പ്രകാരം സഭയെ നയിച്ച പാസ്റ്റര്‍മാരാണോ ഇവര്‍? ~ഒരിക്കലുമല്ല. അവര്‍ ദൈവത്തെ അറിഞ്ഞിട്ടേയില്ല. ദൈവം അവരേയും! ലോക മോടിയ്‌ക്കൊത്ത് വേഷം കെട്ടി എല്ലാം ദൈവം തന്നതാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ച് വേദികളില്‍ വിളങ്ങിയ അവരുടെ ഹൃദയം ദൈവത്തില്‍ നിന്ന് എത്രയോ ദൂരത്തായിരുന്നുയെന്നതാണ് ഇത്തരം വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. നിത്യതയെ ലക്ഷ്യമാക്കി പ്രയാണം ചെയ്ത ആ പഴയകാല ഭക്തന്മാരുടെ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകാരുടേയും വഞ്ചനകളുടേയും വാര്‍ത്ത കേട്ടിട്ടുണ്ടോയെന്ന് ഇന്ന് ജീവിച്ചിരിക്കുന്ന പഴയ തലമുറയോട് ചോദിച്ച് നോക്കുക.
കഴിഞ്ഞയിടെ ഒരു മോഷ്ടാവ് ജയിലില്‍ വച്ച് പാസ്റ്റര്‍മാരെ അനുകരിച്ച് അന്യഭാഷ പറഞ്ഞ് പ്രാര്‍ത്ഥിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരുന്നു. വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടുുന്നതിന്, സാധാരണ തട്ടിപ്പുകാരില്‍ നിന്ന് വ്യത്യസ്ഥമായി പഠിച്ചെടുത്ത ശൈലിയാണ് പോലീസധികാരികള്‍ക്ക് മുന്നില്‍ അയാള്‍ അവതരിപ്പിച്ചത്. ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്! പ്രകടനം ആത്മീയതയുടേയും പ്രാര്‍ത്ഥനയുടേയും പേരിലാകുമ്പോള്‍ ആരും സംശയിക്കുകയുമില്ല.
ഒരര്‍ത്ഥത്തില്‍ ഇന്ന് ആത്മീയ ഗോളത്തിലും ഇത് തന്നെയല്ലേ നടക്കുന്നത്? അഭിനയും അനുഭവവും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിനാല്‍ അനേകര്‍ ചതിക്കപ്പെടുന്നു. ദൈവമില്ലാത്ത, ദൈവമറിയാത്ത ബജീന്ദര്‍ സിംഗുമാര്‍ ദൈവത്തിന്റെ പേരില്‍, ആത്മീയതയുടെ മറവില്‍ ഇനിയും പ്രത്യക്ഷപ്പെടും. അവരെ തിരിച്ചറിയുന്നതില്‍ ജാഗ്രതയുള്ളവരാകാം. ലോകത്ത് ക്രിസ്ത്യാനിത്വം എത്ര വളര്‍ന്നാലും ഒരു രക്ഷിത ഗണം മാത്രമേ ദൈവത്തിന്റെ രാജ്യത്തില്‍ പ്രവേശിക്കുകയുള്ളു. ആ ഗണത്തില്‍ നാമുമുണ്ട് എന്ന് ഉറപ്പ് വരുത്തുവാന്‍ ഈ നാളുകളില്‍ നമുക്ക് കഴിയട്ടെ.



