പിലിക്കുഞ്ഞ് ഉപദേശിയും വിദേശപര്യടനവും

പാസ്റ്റര്‍ മാത്യു വര്‍ഗ്ഗീസ്,
ഡാളസ്‌

നീണ്ട വിമാനയത്രയ്ക്കുശേഷം നിലംതൊടുവാന്‍ സമയമായി എന്ന് അറിയിപ്പു ലഭിച്ചപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വിമാനത്തിന്റെ വിശാലമായ ഫസ്റ്റ് ക്ലാസ് സീറ്റില്‍ ഒന്നുകൂടി അമര്‍ന്നിരുന്ന് ജനാലയില്‍ക്കൂടി വെളിയിലേക്കു നോക്കിയപ്പോള്‍ നൂറുനൂറു ചിന്തകള്‍ മനസ്സില്‍ ഓടിയെത്തി.

കര്‍ത്തൃവേലയില്‍ വിദേശയാത്രകള്‍ ഒട്ടനവധി നടത്തിയിട്ടുണ്ട്. ഇത് നാല്പതാം തവണയാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. പീലിക്കുഞ്ഞ് ഉപദേശിക്ക് ഈ പ്രാവശ്യം പ്രോഗ്രാമുകള്‍ ഒന്നുംതന്നെയില്ല, എങ്കിലും ഭാരതസുവിശേഷീകരണത്തിന്റെ കടലാസുപ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് കയ്യില്‍ കരുതിയിട്ടുണ്ട്. വിമാനം നിലംതൊടുവാന്‍ സമയമായി.

കര്‍ത്തൃവേലയ്ക്ക് സമര്‍പ്പിക്കപ്പെട്ട നാളുകള്‍ ഓര്‍മ്മയില്‍ തെളിയുകയാണ്. തിരുവമ്പാടി മുതല്‍ തിരുവനന്തപുരം വരെ നടന്നുകൊണ്ട് സുവിശേഷം അറിയിച്ച നാളുകള്‍, ഹൈറേഞ്ചിന്റെ മലമടക്കുകളില്‍ കൊടുംതണുപ്പില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥിച്ച കാലങ്ങള്‍, ഒരു സൈക്കിള്‍ എങ്കിലും ലഭിക്കുവാന്‍. കൊതിച്ച സമയങ്ങള്‍, എവിടെ അന്തിയുറങ്ങണമെന്ന് അറിയാതെ കുഴങ്ങിയ ദിവസങ്ങള്‍ ഇതെല്ലാം ഒരു ചിത്രം പോലെ പീലിക്കുഞ്ഞ് ഉപദേശിയുടെ മുന്നില്‍ തെളിഞ്ഞുനിന്നു.

വിമാനം ഓടി ഗെയ്റ്റില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ചിന്തയില്‍നിന്ന് ഉണര്‍ന്നു. കയ്യില്‍ കരുതിയ ബാഗും വലിച്ചുകൊണ്ട് പുറത്തേക്ക് വരുമ്പോള്‍ കയ്യിലുള്ള മൊബൈല്‍ ഫോണില്‍ നാട്ടില്‍ മുപ്പതുവര്‍ഷത്തിനു മുമ്പ് എങ്ങനെയോ പരിചയപ്പെട്ട ഉണ്ണി ബ്രദറിന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ആഗമനം വിളിച്ചറിയിച്ചു.

ഒരു വാഹനത്തില്‍ കയറുവാന്‍ കൊതിച്ച നാളുകള്‍, ഒരു വിമാനം കാണുവാന്‍ കാത്തിരുന്ന വര്‍ഷങ്ങള്‍ എത്രയാണ്. ഇപ്പോള്‍ എന്തൊരു മാറ്റം, തലങ്ങും വിലങ്ങും വിമാനത്തില്‍ സഞ്ചരിക്കുന്നു. നക്ഷത്രഹോട്ടലുകളില്‍ താമസിക്കുന്നു. എല്ലാം ദൈവാനുഗ്രഹം എന്നല്ലാതെ എന്തുവേണം പറയാന്‍. എയര്‍പോര്‍ട്ടിലെ തിരക്കുകള്‍ക്കിടയില്‍ ബാഗും വലിച്ചുകൊണ്ട് പുറത്തേക്കുവരുമ്പോള്‍ ചുണ്ടില്‍ അറിയാതെ പഴയ ഒരു ഗാനത്തിന്റെ പല്ലവികള്‍ കടന്നുവന്നു;

നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍.”

എങ്ങനെ പാടാതിരിക്കുവാന്‍ കഴിയും. മൂന്ന് എയര്‍കണ്ടിഷന്‍ഡ് വിദേശ കാറുകള്‍ വീട്ടില്‍ കിടപ്പുണ്ട്. വിശാലമായ നീന്തല്‍ക്കുളവും കൊട്ടാരതുല്യമായ ഭവനത്തിലും പാര്‍ക്കുമ്പോള്‍ എങ്ങനെ അനുഗ്രഹമല്ലെന്നു പറയുവാന്‍ കഴിയും. വേലയുടെ ആരംഭനാളുകളില്‍ ഭവനസന്ദര്‍ശനങ്ങളും പരസ്യയോഗങ്ങളും നടത്തുവാന്‍ പോയിരുന്നപ്പോള്‍ ഒരു വാതില്‍മറ ഭവനത്തിനു ചാരിവയ്ക്കുവാന്‍ ഇല്ലായിരുന്നു. എല്ലാം സര്‍വ്വേശ്വരന്റെ കൈകളില്‍ ധൈര്യത്തോടെ ഏല്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ തുടര്‍മാനമായി വിദേശയാത്രകള്‍ നടത്തുമ്പോള്‍ വീട്ടുകാവല്‍ക്കാര്‍ മൂന്നു പേരാണ്. ചെടിത്തോട്ടം നനയ്ക്കുന്ന ചുമതല ഒരാളുടേത്, വീടിന്റെ ഗെയ്റ്റ് നിയന്ത്രിക്കുന്നത് മറ്റൊരാള്‍ ഇങ്ങനെ പോകുന്നു ചുമതലകളുടെ പട്ടികകള്‍. ഇതിനിടയ്ക്ക് താഴത്തുവീട്ടില്‍ അന്തോണി സഹോദരന്‍ ഒരിക്കല്‍ ചോദിച്ചതും ഓര്‍ത്തുപോയി, ”എന്താ ഉപദേശി ദൂതനു കയറുവാനും നേരത്തെ അനുവാദം മേടിക്കണമോ?”

ഇതെല്ലാം തലയില്‍ക്കൂടി കയറിയിറങ്ങുമ്പോള്‍ പെട്ടെന്ന് കൂട്ടിക്കൊണ്ടുപോകുവാന്‍ ഉണ്ണി ബ്രദര്‍ എത്തിയെന്നുമുള്ള ടെക്സ്റ്റ് സന്ദശവും ലഭിച്ചു. കാറില്‍ പെട്ടിയും തൂക്കി കയറുന്നതിനിടയില്‍ മുപ്പതു വര്‍ഷം മുന്ന് കണ്ട് പരിചയബന്ധം പീലിക്കുഞ്ഞ് ഉപദേശി ഒന്നുകൂടി പുതുക്കി. കഴുത്തില്‍ കെട്ടിയിരുന്ന ടൈയും കറുത്ത വിലകൂടിയ കോട്ടും ഊരിക്കൊണ്ട്: കാറിന്റെ മുന്‍സീറ്റില്‍ സ്ഥാനംപിടിക്കുന്നതിനിടയില്‍ ചോദിക്കുന്നുണ്ടായിരുന്നു, ”ബ്രദറേ, ഇപ്പോഴും ടയോട്ടാ തന്നെയാണോ ഓടിക്കുന്നത്, ആറു മാസം മുന്നേ ഞാന്‍ ബുക്കു ചെയ്ത ബെന്‍സ് കാറ് കഴിഞ്ഞ ആഴ്ചയിലാണ് വന്നത്”

കാര്‍ ന്യൂയോര്‍ക്കിന്റെ നിരത്തുകളില്‍ക്കുടി അതിവേഗം മുമ്പോട്ടു പായുകയാണ്. തന്റെ ഇപ്രാവശ്യത്തെ അമേരിക്കന്‍ യാത്ര മറ്റൊരു വീട് പണിയുന്നതിന്റെ തിരക്കിനാലും, പ്രവര്‍ത്തനത്തിന്റെ ഹെഡ് ഓഫീസ് നോര്‍ത്ത് ഇന്ത്യയിലേക്ക് മാറ്റുന്നതിനാലും കേവലം പന്ത്രണ്ടു ദിവസം മാത്രമേ ഉള്ളു എന്ന് പീലിക്കുഞ്ഞ് ഉപദേശി ഇതിനിടയില്‍ അറിയിച്ചു. ഇപ്രാവശ്യത്തെ സന്ദര്‍ശനവേളയില്‍ അമേരിക്കയുടെ ഒരു പത്തു സംസ്ഥാനങ്ങളിലെങ്കിലും പോകണം. രണ്ടുമുന്നു പുതിയ കോണ്ടാക്റ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഈമെയിലിലും ടെലഫോണിലും ഞങ്ങള്‍ ഇങ്ങനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

രണ്ടു ജോലി മാറിമാറി ചെയ്യുന്ന പൊടിയാമ്മ സഹോദരി ഉണ്ടാക്കി ഫ്രിഡ്ജില്‍ വെച്ചിട്ടുപോയ തണുത്ത ആഹാരം ഉണ്ണിബ്രദര്‍ എടുത്ത് ചൂടാക്കുമ്പോള്‍ പീലിക്കുഞ്ഞ് ഉപദേശി ഇപ്രകാരം അറിയിച്ചു, ‘തണുത്തതും ചൂടാക്കിയതും ഒന്നും സാധാരണയായി ഞാന്‍ കഴിക്കാറില്ല.’ ഇതുകേട്ട് ഉണ്ണിബ്രദര്‍ ഞെട്ടിപ്പോയി, ദൈവമേ! പഴങ്കഞ്ഞി കുടിച്ചും മുണ്ടുമുറുക്കി ഉടുത്തും നടന്ന നാളുകള്‍ മറന്നുപോയോ? യേശു ലോകത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നു പലരുടെയും. സ്ഥിതി എന്താകുമായിരുന്നു. സുവിശേഷം വേലയാക്കിയവരുടെ തൊഴിലുകള്‍ നഷ്ടപ്പെടുമായിരുന്നു. ഇന്നുള്ള പല സമ്പന്നന്മാരും പാപ്പരായിപ്പോകുമായിരുന്നു.

ചൂടാക്കിയ ആഹാരവും കഴിച്ച് അല്പം ചൂടുപാല്‍ ഊതിക്കൂടിച്ചുകൊണ്ട് സ്വീകണമുറിയില്‍ സിഎന്‍എന്‍ ന്യൂസ് കാണുന്നതിനിടയില്‍ ബാഗില്‍നിന്ന് ലാപ്‌ടോപ് കമ്പ്യൂട്ടര്‍ മടിയില്‍ എടുത്തുവെച്ച് ഇമെയിലുകള്‍ ചെക്കുചെയ്യുകയും മറുപടി അയയ്ക്കുകയും പെയ്തു. ചെന്നിട്ട് നാട്ടില്‍ നടത്തേണ്ടിയ മെഗാക്രൂസേഡിന് പോസ്റ്റുകള്‍ എവിടെയൊക്കെ ഒട്ടിക്കണമെന്ന് സംഘാടകന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഈമെയിലില്‍ അയച്ചു. ഇതിനിടയില്‍ വന്ന മൊബൈല്‍ ഫോണ്‍ കോള്‍ എടുത്ത് അതില്‍ക്കൂടി നാട്ടിലെ വേലയ്ക്ക് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ഇതിനിടയില്‍ കമ്പ്യൂട്ടറില്‍ നാട്ടില്‍ പണിതുകൊണ്ടിരിക്കുന്ന കൊട്ടാരതുല്യമായ വിടിന്റെ ഫോട്ടോകളും നീന്തല്‍ക്കുളത്തിന്റെ മാതൃകയും വേലയുടെ ഒരു ചെറിയ വീഡിയോയും കാണിച്ചുകൊണ്ട് ഉണ്ണിബ്രദറിന് പ്രവർത്തനങ്ങളെ ഒന്നു പരിചയപ്പെടുത്തി.

അടുത്ത പന്ത്രണ്ടു ദിവസങ്ങളിലേക്ക് ഉള്ള പ്രോഗാമുകള്‍ വിളിച്ചെടുക്കുന്നതിനിടയില്‍ ദീര്‍ഘമായ യാത്രാക്ഷീണവും കാലാവസ്ഥയുടെ മാറ്റംകൊണ്ടും ഒരു മയക്കത്തിലേക്ക് വഴുതിവീണു. കയ്യില്‍ മൊബൈല്‍ ഫോണും മടിയില്‍ കമ്പ്യൂട്ടറുമായി മയക്കത്തില്‍ ആണ്ടുകിടക്കുന്ന പീലിക്കുഞ്ഞുപദേശി സമയം പോയതറിഞ്ഞില്ല. നാളിതുവരെ കേട്ടിടില്ലത്തേ ഒരു ശബ്ദം തന്നോട് സംസാരിക്കുന്നതായി തോന്നി. ഒരു കാഴ്ച താന്‍ കാണുന്നതായി അനുഭവപ്പെട്ടു.

ആ ശബ്ദം മറ്റൊന്നുമായിരുന്നില്ല, ‘ഞാന്‍ ഉള്‍പ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍, നിങ്ങളുടെ പ്രവൃത്തിക്കുതക്കവണ്ണം ഞാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും പകരം ചെയ്യും.” ”എന്നോട് കര്‍ത്താവേ, കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്” (വെളി. 2:23; മത്തായി 2:21). ആ കാഴ്ച മറ്റൊന്നുമായിരുന്നില്ല, ക്രിസ്തുവില്‍ എന്നെ സമ്പന്നനാക്കുവാന്‍’ ദാസരൂപമെടുത്ത് മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ച് ക്രൂശിന്മേല്‍ തൂങ്ങപ്പെട്ട ദൈവപുത്രനായ ക്രിസ്തുവിന്റെ തകര്‍ക്കപ്പെട്ട ദര്‍ശനം.

പെട്ടെന്ന് പീലിക്കുഞ്ഞ് ഉപദേശി മയക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് കേട്ട ശബ്ദത്തിനും കണ്ട കാഴ്ചയ്ക്കും മുമ്പില്‍ വിറങ്ങലിച്ചിരുന്നുപോയി.