ന്യൂഡൽഹി: ആഗ്രയില്‍ ദളിത് കുടുംബത്തിന്റെ വിവാഹഘോഷയാത്രക്ക് നേരെ സവര്‍ണവിഭാഗക്കാരുടെ ആക്രമണം. ആഗ്രയിലെ നാഗ്ല തല്‍ഫിയിലാണ് സംഭവം. വിവാഹ ഘോഷയാത്രക്ക് നേരെയുണ്ടായ ആക്രമണത്തിൽ ദളിത് വരൻ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
നാഗ്ല തല്‍ഫി നിവാസിയായ അനിതയാണ് പരാതി നൽകിയത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ഗ്രാമത്തില്‍ നിന്ന് അല്പം അകലെയുള്ള വിവാഹ വീട്ടില്‍ വെച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.
അനിതയുടെ മകളുടെ വിവാഹ ഘോഷയാത്ര മഥുരയില്‍ നിന്ന് എത്തിയപ്പോഴായിരുന്നു സംഭവം. ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. യാത്ര റോഡിലൂടെ നീങ്ങിയപ്പോള്‍ സവര്‍ണ വിഭാഗക്കാരായ ഒരു സംഘം വടികളുമായി എത്തി വരനെയും ഒപ്പമുള്ളവരെയും ആക്രമിക്കുകയായിരുന്നു.
ആക്രമണം കാരണം വിവാഹചടങ്ങുകള്‍ മുടങ്ങി. ആക്രമണത്തില്‍ പരുക്കേറ്റവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഊർജിതമായി അന്വേഷിക്കുകയാണെന്നും അസി. പൊലീസ് കമീഷണര്‍ പി കെ റായ് പറഞ്ഞു



