ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ മോചിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍ ഭുവനേശ്വര്‍: ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ജയിലില്‍ നിന്നും മോചിപ്പിച്ച് ഒഡീഷയിലെ ബിജെപി സര്‍ക്കാര്‍. തടവ് ജീവിതകാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിലാണ് മോചനം.
കേസിലെ മുഖ്യപ്രതി രബീന്ദ്ര പാല്‍ സിങ് എന്ന ധാരാ സിങ്ങിന്റെ ഉറ്റ കൂട്ടാളിയായ ഹെംബ്രാമിനെ മോചിപ്പിച്ച ശേഷം ജയിലധികൃതരും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് ഹാരമണിയിക്കുകയും ചെയ്തു. ഗ്രഹാം സ്റ്റെയിന്‍സ്, മക്കളായ ഫിലിപ്പ് തിമോത്തി എന്നിവര്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസില്‍ ധാരാ സിങിനെയും ഹെംബ്രാമിനെയും മാത്രമാണ് ശിക്ഷിച്ചത്. സ്റ്റെയിന്‍സിന്റെ മക്കള്‍ക്ക് യഥാക്രമം പത്തും ആറും വയസ് മാത്രമായിരുന്നു മരിക്കുമ്പോള്‍ പ്രായം.

1999 ജനുവരി 21 രാത്രിയാണ് സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നത്. കിയോഝര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തിലായിരുന്നു ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വന്‍ പ്രതിഷേധമുണ്ടാക്കിയ സംഭവമുണ്ടായത്. വില്ലീസ് വാഗണില്‍ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊളുത്തി കൊല്ലുകയായിരുന്നു.
സ്റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസും മകള്‍ എസ്തറും മറ്റൊരിടത്തായതിനാല്‍ രക്ഷപ്പെട്ടു. ആദിവാസികളെ മതപരിവര്‍ത്തനം നടത്തുകയാണെ ന്നാരോപിച്ചായിരുന്നു സ്റ്റെയ്ന്‍സിനെയും കുട്ടികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്. യുപിയില്‍നിന്ന് ഒഡീഷയിലേക്കു വന്ന ദാരാ സിംഗാണ് ആക്രമണത്തിന്റെ സൂത്രധാരന്‍. ധാരാ സിങ്, ഹെംബ്രാം എന്നിവരുള്‍പ്പെടെ കേസില്‍ 14 പ്രതികളാണുണ്ടായിരുന്നത്.
ഇവരില്‍ 12 പേരെ വിട്ടയയച്ചു. ദാരാ സിങിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഹെംബ്രാം 1999ല്‍ അറസ്റ്റിലായി. 2000 ജനുവരി 31നാണ് ധാരാ സിങിനെ പിടികൂടിയത്. 2003ല്‍ ധാരാ സിംഗിനു വധശിക്ഷ വിധിച്ചെങ്കിലും 2005 ഒഡീഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയില്‍ മോചനം ആവശ്യപ്പെട്ട് 2024 ഓഗസ്റ്റില്‍ ഇയാള്‍ സുപ്രീം കോടതിയില്‍ ദയാ ഹര്‍ജി നല്‍കിയിട്ടുണ്ട്.



