വാഷിംഗ്ടൺ: രണ്ട് ന്യൂസ് ഏജൻസികൾക്ക് നിയന്ത്രണമേർപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റോയിട്ടേഴ്സിനും ബ്ലൂംബെർഗിനെയുമാണ് പ്രസ് പൂളിൽ നിന്ന് ഒഴിവാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
ട്രംപിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നുമാണ് രണ്ട് ന്യൂസ് ഏജൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആർക്കാണ് ട്രംപിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അദ്ദേഹത്തിന്റെ പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യാനും കഴിയുക എന്നതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ വൈറ്റ് ഹൗസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
പ്രസ് പൂളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരത്തെ അസോസിയേറ്റഡ് പ്രസ്സ് നൽകിയ കോടതിയലക്ഷ്യത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിലെ ഫെഡറൽ ജഡ്ജി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൻ്റെ പുതിയ തീരുമാനം.
ഓവൽ ഓഫീസിലെ മീറ്റിംഗുകളിൽ പ്രസിഡൻ്റ് നടത്തുന്ന പ്രസ്താവനകൾ തത്സമയം റിപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും കഴിയുന്ന 10ഓളം സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് പ്രസ് പൂൾ. സ്വദേശത്തോ വിദേശത്തോ പ്രസിഡൻ്റ് യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തെ അനുഗമിക്കാനും അത് റിപ്പോർട്ട് ചെയ്യാനും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും പ്രസ് പൂളിലുള്ള സ്ഥാപനങ്ങൾക്ക് സാധിക്കും.
അതിലൂടെ പ്രസിഡന്റിനെയും വൈറ്റ് ഹൗസിനെയും കൂടുതൽ ദൈനംദിനമെന്നോണം നേരിട്ട് കവർ ചെയ്യാനും ഈ സ്ഥാപനങ്ങൾക്ക് സാധിക്കും. അമേരിക്കയിലെ മറ്റ് മാധ്യമ സ്ഥാപനങ്ങളും അമേരിക്കയിൽ സാന്നിധ്യമില്ലാത്ത മാധ്യമ സ്ഥാപനങ്ങളും തത്സമയ റിപ്പോർട്ടിംഗ്, വീഡിയോ, ഓഡിയോ എന്നിവയ്ക്കായി പ്രസ് പൂളിലെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ അമേരിക്കൻ ജനതയോടുള്ള കടുത്ത അവഹേളനമാണെന്നാണ് അസോസിയേറ്റഡ് പ്രസ് പ്രതികരിച്ചത്. അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെർഗ്, റോയിട്ടേഴ്‌സ്എന്നീ മാധ്യമങ്ങൾ പ്രസ് പൂളിലെ സ്റ്റാൻഡേർഡ് അംഗങ്ങളായിരുന്നു. അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള ജലാശയത്തെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് പരാമർശിക്കണമെന്ന ട്രംപിൻ്റെ ഉത്തരവ് നിരാകരിച്ചതിനെ തുടർന്നായിരുന്ന കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് അസോസിയേറ്റഡ് പ്രസിനെ പ്രസ് പൂളിൽ നിന്നും വിലക്കിയത്. വൈറ്റ് ഹൗസ് തീരുമാനത്തോട് ബ്ലൂംബർഗ് പ്രതികരിച്ചിട്ടില്ല.



