നേര്യമംഗലത്ത് കെഎസ് ആർടിസി ബസ് മറിഞ്ഞ് ഒരു മരണം; 20 പേർക്ക് നിസ്സാര പരിക്ക്

ഇടുക്കി: നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു മരണം. കട്ടപ്പന സ്വദേശി അനീറ്റ(14) ആണ് മരിച്ചത്. 20പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കട്ടപ്പനയിൽ നിന്നും എറണാകുളത്തേയ്ക്ക് പോയ കെ എസ് ആർ ടിസി ബസാണ് അപകടത്തിൽ പ്പെട്ടത്. മണിയമ്പാറയിലാണ് അപകടം നടന്നത്. 20 അടി താഴ്ചയിലേക്ക് ബസ് നിരങ്ങി നീങ്ങുകയായിരുന്നു.

ബസ് അപകടത്തിൽ മരിച്ച കുട്ടി

അപകടസമയത്ത് ബസ്സിൽ നിന്നും തെറിച്ച് വീണ അനീറ്റ മുൻ വാതിലിൻെറ ഭാഗത്ത് ബസ്സിനടിയിൽ അകപ്പട്ട നിലയിലായിരുന്നു.

40-ഓളം യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. 20-ഓളം പേർക്ക് നിസാര പരിക്ക് പറ്റിയെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവസ്ഥലത്തുനിന്ന് പരിക്കേറ്റ യാത്രക്കാരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയില്‍പ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണപ്പെടുകയായിരുന്നു.
ബസ് നിലവിൽ താഴ്ചയിൽ തന്നെ കിടക്കുകയാണ്. മറ്റൊരു കെഎസ്ആർടിസി ബസിലാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.