കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: പിസിഐ കേരളാ സ്റ്റേറ്റ്

പാലക്കാട്: കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അലൻ്റെ കുടുംബത്തിന് ഉചിതമായ നഷ്ട പരിഹാരം നൽകണമെന്നും ആശ്രിതർക്ക് ജോലി നൽകണമെന്നും പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

ചർച്ച് ഓഫ് ഗോഡ്, കേരളാ റീജിയൺ പാലക്കാട് കയറംകോട് സഭാംഗം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിൻ്റെ മകൻ അലൻ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
അലന്റെ മാതാവ് വിജയ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
വൈകുന്നേരം 8 മണിയോടുകൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അലനെ മാതാവ് വിജയം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ മരിക്കുകയായിരുന്നു.

വർദ്ധിച്ചു വരുന്ന വന്യ ജീവി ആക്രമണങ്ങളിൽ
നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.
വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാന, കടുവ, കരടി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ നിത്യസംഭവമായി ക്കഴിഞ്ഞിട്ടുണ്ട്. ജനവാസ മേഖലയിൽ കുറെ നാളായി കാട്ടാന ചവിട്ടി അനവധി പേരാണ് മരിച്ചത്.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ സംസ്ഥാനത്ത് 735 മനുഷ്യ ജീവനുകളാണ് വന്യ ജീവി ആക്രമണങ്ങളിൽ നഷ്ടമായത്. ഇനിയുമെത്ര പേരുടെ ചോര വീഴണം? മനുഷ്യ ജീവനുകൾക്ക് യാതൊരു വിലയും കല്പിക്കാത്ത നിഷ്ക്രിയമായ വനം വകുപ്പാണ് കേരളത്തിലുള്ളത്. മനുഷ്യ ജീവൻ നഷ്ടപ്പെടുന്നതിൽ യാതൊരു ഉത്കണ്ഠയുമില്ലാത്ത വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം വനമായതിനാല്‍ മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വനാതിര്‍ത്തിയിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

വന്യ ജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ട പരിഹാരത്തുക വർദ്ധിപ്പിക്കണം. ആശ്രിതർക്ക് തൊഴിൽ നൽകണം.

കഴിഞ്ഞ ഒൻപത് വർഷത്തിന് ശേഷം മാത്രം വന്യജീവി ആക്രമണം മൂലം 187 പേര്‍ക്ക് ജീവഹാനി ഉണ്ടാകുകയും 10091 പേര്‍ക്ക് കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്‍ വീതം വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ദിവസേന രണ്ട് പേര്‍ക്ക് വീതം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നു. 34875 വന്യജീവി ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതായത്, പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നുണ്ട്.

സംസ്ഥാനത്തെ 51 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 223 തദ്ദേശ സ്ഥാപനങ്ങൾ വനാർതിത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിലെ ജനങ്ങൾ അത്യന്തം ഭീതിയിലും മരണ ഭയത്തിലുമാണ് കഴിഞ്ഞു കൂടുന്നത്. ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം. ജനങ്ങളുടെ ജീവനേക്കാൾ ഒട്ടും വലുതല്ല വന്യ ജീവി സംരക്ഷണം. വരും തലമുറയുടെ നിലനിൽപ്പിനും ജീവൻ സംരക്ഷിക്കാനും അധികാരികൾ തയ്യാറാകണം.

ജീവിക്കാനുള്ള ഭരണഘടനാ അവകാശം വന്യജീവികളുടെ പേര് പറഞ്ഞ് നിഷേധിക്ക രുതെന്നാണ് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അലൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഭാജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു .

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ,
കേരളാ സ്റ്റേറ്റ് കമ്മിറ്റി
7/4/2025