ഇതരജാതിയിൽപെട്ട യുവാവുമായി പ്രണയത്തിൽ; കോളേജ് വിദ്യാർത്ഥിനിയെ സഹോദരൻ തലയ്ക്കടിച്ചുകൊന്നു

അലമാര ദേഹത്ത് വീണു പരിക്കേറ്റ് മരിച്ചതായാണ് കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

തമിഴ്നാട് തിരുപ്പുരിൽ കോളേജ് വിദ്യാർത്ഥിനിയായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കോയമ്പത്തൂരിലെ സർക്കാർ കോളേജ് വിദ്യാർത്ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യ (22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം പൊലീസ് അറസ്‌റ്റ് ചെയ്തു. മാർ‌ച്ച് 30നായിരുന്നു സംഭവം.

കോളേജില്‍ സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണിയുമായി (22) വിദ്യ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ തയാറായില്ല. അതിനിടെ മാർച്ച് 30‌ന് വീടിനകത്തു വച്ച് വിദ്യ മരിച്ചു. അലമാര ദേഹത്ത് വീണു പരിക്കേറ്റ് മരിച്ചതായാണ് കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

മരണത്തിൽ അസ്വഭാവികത തോന്നിയ വെൺമണി, കാമനായ്‌ക്കൻപാളയം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ വിദ്യയുടെ സഹോദരൻ ശരവണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. സഹോദരിയുടെ പ്രണയബന്ധത്തിന് കുടുംബം എതിരായിരുന്നതായും നിരവധി തവണ താക്കീത് നൽകിയിട്ടും പ്രണയം തുടർന്നെന്നും സഹോദരൻ ശരവണകുമാർ പറഞ്ഞു. വെൺമണിയുടെ രക്ഷിതാക്കൾ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടിൽ എത്തിയത് പ്രകോപിപ്പിച്ചെന്നും ശരവണകുമാറിന്റെ മൊഴിയിൽ പറയുന്നുണ്ട്. മാർച്ച് 30നു രക്ഷിതാക്കൾ ക്ഷേത്ര ദർശനത്തിനു പോയ സമയത്ത് വിദ്യയും സഹോദരൻ ശരവണകുമാറും തമ്മിൽ വാക്കു തർക്കമുണ്ടായി.